Sunday, 27 March 2011

Sunday, March 20, 2011

From the Criminologist's Corner-60

From the Criminologist’s Corner-60

തിരെഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍...

കേരളത്തില്‍ ഇന്ന് തിരെഞ്ഞെടുപ്പുപ്രഖ്യാപനം വന്നു. അടുത്ത അഞ്ചുകൊല്ലം ആര് ഭരിക്കണം എന്ന് നിസ്ചയിക്കുവാനുള്ള ജനാധിപത്യപ്രക്രിയ. ആരംഭിച്ചിരിക്കുന്നു എന്നര്‍ത്ഥം. നല്ലകാര്യം. നടക്കട്ടെ. അതോടെ,പലതരം കുറ്റകൃത്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ദര്‍ശിക്കാവുന്നതാണ്.ഇവിടെ ഇല്ലാത്തതും,എന്നാല്‍ നമുക്കിടയില്‍ ഉള്ളതുമായ കുറ്റകൃത്യങ്ങള്‍. അതാണ്‌ ഇന്നത്തെ ചര്‍ച്ചാവിഷയം.

1. ഉച്ചഭാഷിണി ശല്യം തന്നെ. മുഖ്യ ഉപദ്രവകാരി. പാട്ടും പാരഡികളും പാടി വോട്ട് അഭ്യര്ത്തിച്ച് പോകുന്നവരുടെ ക്രൂരവിനോദം! ഒരു നിയോജകമണ്ഡലത്തിലെ എല്ലാ സംമ്മതിദായകര്‍ക്കും അറിയാം അവരുടെ മുഖ്യ സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന്. ആര്‍ക്ക് വോട്ട് ചെയ്യണമെന്നു ഓരോരുത്തരും തീരുമാനിച്ചീട്ടുണ്ട്. ചിലപ്പോള്‍ മാറ്റങ്ങള്‍ വന്നേക്കാം. അതിനായി ഇത്രമാത്രം ഒച്ച വച്ച് പൊതുജനങ്ങളെ ശല്ല്യപ്പെടുത്തണമോ? എല്ലാത്തിനും ഒരു പരിധിയൊക്കെ ഇല്ലേ? ഇന്നത്തെ വാഹനപ്രചാരണ രീതികള്‍ നിരുല്‍സാഹപെടുത്തേണ്ടതാണ്.

2. കോടതികള്‍ നിരോധിചെന്കിലും പുത്തന്‍ നിയമനിര്‍മാണം വഴി വഴിയോര സമ്മേളനങ്ങളും വഴിമുടക്കി പ്രചാരണങ്ങളും വേണ്ടുവോളം നടക്കും. അവിടേയും ഉച്ചഭാഷിണി തന്നെ മുഖ്യശത്രു; കൂടെ, നിറുത്താതെയുള്ള പ്രസംഗങ്ങളും രാവിലെ മുതലുള്ള പാട്ട്-പാരഡി വക്കലും! വേണോ അതൊക്കെ?

3. രഹസ്സ്യപിരിവുകള്‍. ഇലക്ഷന്‍ ഫണ്ടിലേക്ക് രൂപ വേണം. അത് പാര്‍ട്ടി അനുഭാവികള്‍ തന്നെ ഉണ്ടാക്കികൊടുക്കുകയും വേണം. പിരിവും പിരിവിന് ഇടയിലുള്ള കളവും,വെട്ടിപ്പും തട്ടിപ്പും പറ്റിപ്പും മറ്റും. കണക്ക് സൂക്ഷിക്കാതെയുള്ള പിരിവുകള്‍ പലര്‍ക്കും നല്ല വരുമാനമാര്‍ഗമാണ്.

4. കുശുമ്പ് പറച്ചിലും കൂട്ടം കൂടിനിന്നുള്ള പരദൂഷണവും കുശുകുശുക്കലും ചെവിയില്‍ കടിയും മദ്യപാനവും ഉന്തും തള്ളും കത്തിക്കുത്തും എല്ലാം കൂടി ശിക്ഷാനിയമത്തില്‍ പറഞ്ഞീട്ടുള്ളതും അല്ലാത്തതുമായ പെരുമാറ്റദൂഷ്യങ്ങള്‍.

5. ചുമരെഴുത്ത്‌,വാള്‍ പോസ്റര്‍ ഒട്ടിക്കല്‍ ബാനര്‍ കെട്ടല്‍,ഫ്ലെക്സ്‌ ബോര്‍ഡ്‌ സ്ഥാപിക്കല്‍-അവയോട് അനുബന്ധിച്ചുള്ള വാക്കുതര്‍ക്കങ്ങള്‍,കുടിപ്പക, അടികൂടല്‍,ആളുകളിക്കല്‍,ആഭാസത്തരങ്ങള്‍.

6. വീട് വീടാന്തരമുള്ള പ്രചാരണ വേലകള്‍, സമ്മതിദായകരുടെ സ്വകാര്യജീവിതത്തിന് തടസ്സം ഉണ്ടാക്കുക,കവലച്ചര്‍ച്ചകള്‍,പണം ധൂര്‍ത്തടിക്കല്‍,പലതരം പരസ്യം ചെയ്യല്‍-അതോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങള്‍.

7. ജാഥ നയിക്കല്‍,മുദ്രാവാക്യം വിളികള്‍,മുഷ്ടി ചുരുട്ടിപ്രയോഗങ്ങള്‍, ‘ശക്തിപ്രകടനങ്ങള്‍’,പോര്‍വിളികള്‍..... അങ്ങനെ,അങ്ങനെ,അങ്ങനെ....

തിരഞ്ഞെടുപ്പ് അടുക്കുംതോറും പിരിമുറുക്കങ്ങള്‍ കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രശ്നബാധിത ബൂത്തുകള്‍ സംസ്ഥാനത്ത്‌ ഉണ്ടാവുമെന്നതില്‍ തര്‍ക്കം വേണ്ട. ബൂത്ത്‌ പിടുത്തം, ബാലറ്റ്‌ പെട്ടി നശ്ശിപ്പിക്കള്‍,ബോംബേറ്, ആള്‍മാറാട്ടം, അലങ്കോലപ്പെടുത്തല്‍ -അത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമോ എന്നത് പോലിസിന്‍റെ intelligenceവിഭാഗം പറയട്ടെ. എന്തായാലും തിരെഞ്ഞെടുപ്പിന്ശേഷം ഒരു മന്ത്രിസഭ രൂപീകരിക്കുന്നത് വരെ സംസ്ഥാനത്ത്‌ വിവിധ രാഷ്ട്രീയ പാര്‍ടികള്‍ തമ്മില്‍ തമ്മിലും അവരെയോരോരുത്തരേയും പ്രോത്സാഹിപ്പിക്കുന്ന-തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തമ്മില്‍ തമ്മിലും ഒറ്റക്കൊറ്റക്കായും ഉരസ്സലുകളും ഉള്‍പ്പോരുകളും ഉണ്ടാകുമെന്നത് ഉറപ്പാണ്.ഇക്കാര്യങ്ങള്‍ നേരത്തെ തന്നെ മനസ്സിലാക്കി സര്‍ക്കാരും പോലീസും പൊതുജനങ്ങളും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്-എടുത്തേ പറ്റൂ. ജനപ്രധിനിത്യനിയമത്തില്‍ പറഞ്ഞീട്ടുള്ള കുറ്റകൃത്യങ്ങള്‍ മാത്രമേ കുറ്റകൃത്യങ്ങളാകുന്നുള്ളു വെന്നത് ശരിയാണ്.അതുപോലെതന്നെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വിവരിക്കുന്ന കുറ്റകൃത്യങ്ങളും കുറ്റകൃത്യങ്ങളായി കണക്കാക്കാം. അവയെപറ്റി അറിയാവുന്നവര്‍ നിയമത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപെടുന്നതരത്തിലുള്ള ദുഷിച്ച ചെയ്തികള്‍ ചെയ്യുമെന്ന്തന്നെ വേണം കരുതുവാന്‍.

Friday, March 18, 2011

From the Criminologist's Corner-59

From the Criminologist’s Corner-59

ശത്രുക്കള്‍ക്ക് പോലും ഈ ദുര്‍ഗതി വരരുത്

ഒരാളുടെ മരണത്തില്‍ ആര്‍ത്ത്ഉല്ലസ്സിക്കുന്ന- സന്തോഷിച്ച് ഡാന്‍സ്‌ ചെയ്യുന്ന-ലഹരിക്കായി മദ്യം കഴിക്കുന്ന ചില ഗോത്രവര്‍ഗക്കാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉണ്ടെന്ന് കേട്ടീട്ടുണ്ട്.അവരുടെ സ്വഭാവത്തില്‍ ഉള്ള പ്രത്യേകത കൊണ്ടായിരിക്കാം ആ ഗിരിവര്‍ഗക്കാര്‍ക്ക് വാര്‍ത്താ പ്രാധാന്യം കിട്ടുന്നത്. സദാം ഹുസൈന്‍ എന്നൊരു രാഷ്ട്രനേതാവിന്‍റെ ചെയ്തികളെ പലരും അംഗീകരിക്കുന്നില്ലെങ്കിലും അദ്യേഹത്തിന്‍റെ തല ഒടിച്ച് തൂക്കി കൊന്നപ്പോള്‍ പലരും അതില്‍ ദുഃഖിതരായി അവര്‍ക്കുള്ള അമര്‍ഷം രേഖപ്പെടുത്തി. ഇതെഴുതുവാന്‍ ഒരു പ്രത്യേക സാഹചര്യം കൂടി ഉണ്ട്. ഒരു കാക്ക ഇന്നലെ ഇവിടെ ചത്തുവീണു. നമ്മുടെ നാട്ടിലെ കാക്കകള്‍ ചെയ്യുന്നത് പോലെ ഇവിടെയും കാക്കപ്പട വന്ന് ഒച്ച വച്ചു. ചാരക്കാക്കകള്‍ അല്ല; കരിം കാക്കകള്‍! ആ ഒരു വ്യത്യാസം മാത്രം. ലോകത്ത്‌ എവിടെയും കാക്കകളുടെ സ്വഭാവം ഒരുപോലെ! സദാം ഹുസൈന്‍റെ കാര്യവും അതുപോലെ!

കേരളത്തില്‍ ഒരു മുന്‍മന്ത്രി അഴിമതികേസ്സില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയി. ആ വിധിന്യായത്തെ കുറിച്ച് വിവാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പറഞ്ഞ് വ്രദ്ധനായ ആ മുന്‍ മന്ത്രി തടവറയിലേക്ക് പോയി. രോഗി ആണെന്നും പ്രത്യേക പരിഗണന വേണമെന്നും അദ്യേഹം ആവശ്ശൃപ്പെട്ടു.പ്രായാധിക്കത്തിലുള്ളവരെ ജയിലിലേക്ക്‌ അയച്ച് അവരുടെ ചികില്‍സാ ചെലവ്‌ പൊതുഖജനാവില്‍ നിന്ന് വേണോ എന്ന കാര്യങ്ങളെ കുറിച്ച് ചര്‍ച്ച അന്താരാഷ്ട്രതലത്തില്‍ നടന്നുവരുകയാണ്‌. അപ്പോള്‍ വയോവ്രദ്ധരായ ചില രാഷ്ട്രീയക്കാരും പ്രായം വളരെ കൂടുതല്‍ ഉള്ള വേറെ ചില മന്ത്രിമാരും മന്ത്രിമുഖ്യനുമെല്ലാം ആഹ്ലാദിച്ചാനന്ദിച്ചട്ടഹസ്സിക്കുന്നത് ടി.വി.യില്‍ കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ദുഃഖം തോന്നി.

“ശത്രുക്കള്‍ക്ക് പോലും ഈ ദുര്‍ഗതി വരരുത്” എന്ന സംഭാഷണം സിനിമയിലും മനുഷ്യന്‍റെ പച്ച ജീവിതത്തിലും പലരും പറയാറുണ്ട്. പക്ഷെ, രാഷ്ട്രീയത്തില്‍ അതില്ലേ? അദ്യേഹം ചെയ്ത കുറ്റം എന്തുമാകട്ടെ, അദ്യേഹത്തിനുണ്ടായ ദുര്യോഗത്തില്‍ സന്തോഷിക്കുക- ഇതിനെ ഒരുതരം”അപൂര്‍വ മനശാസ്ത്രം’ അഥവാ ‘Strange Psychology’ എന്ന വൈജ്നാനീക ശാഖയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അങ്ങനെ ചിരിച്ചുല്ലസ്സിക്കുന്നതോ? ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക്‌ പോകുന്ന മുന്‍ മന്ത്രിയെക്കാള്‍ ഒട്ടും മോശമല്ലാത്തവരും!

പോട്ടിച്ചിരിക്കുന്നവര്‍ വിശുദ്ധന്മാര്‍ ആണോ? വിവിധതരം അഴിമതി കേസുകളില്‍ കോടതികളില്‍ കയറി ഇറങ്ങി നടക്കുന്ന ധാരാളം രാഷ്ട്രീയക്കാര്‍ എല്ലാ പാര്‍ടികളിലും ഉണ്ട്.”മന്തന്‍റെ കാല്‍ മണലില്‍ പൂത്തിയിട്ട്....” എന്ന് പറയുന്നത് പോലെയണവര്‍. വിശുദ്ധ ബൈബിളില്‍ പറയുന്നതുപോലെ “സ്വന്തം കണ്ണിലെ തടിയെടുത്ത് മാറ്റാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്ത് മാറ്റാന്‍’ ശ്രമിക്കരുത്.

പെണ്ണുകേസ്സില്‍ ഉള്‍പ്പെട്ടവരും അഴിമതിയില്‍ മുങ്ങിക്കുളിച്ചുകിടക്കുന്നവരും ആഹ്ലാദിച്ച് ഡാന്‍സ് ചെയ്യുന്നുപോലും! ഇന്റര്‍നെറ്റ്‌ വാര്‍ത്തകളില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നവര്‍ ഉണ്ട്.എന്തായാലും മറ്റൊരാളുടെ ഗതികേടില്‍ ഇത്രയധികം ആഹ്ലാദം കാണിക്കരുതെ എന്ന തോന്നലാണ് സാധാരണക്കാര്‍ക്ക് ഉണ്ടാവുക. കുഞ്ഞുകുട്ടികളില്‍ വരെ തെറ്റായ സന്ദേശങ്ങള്‍ ലഭിക്കുന്ന തരത്തില്‍ മനുഷ്യരുടെ പെരുമാറ്റത്തെ മാറ്റി മറി ക്കരുത്. സ്റ്റേജില്‍ കയറി മൈക്കിലൂടെ ഒച്ചവച്ച് പറയുമ്പോള്‍ കൈയ്യടി കിട്ടുന്നുണ്ടാവാം. പക്ഷെ, ഒരുകാര്യം ഓര്‍മയില്‍ വക്കുക. ഇന്ന് ഓസ്സാന പാടുന്നവര്‍ നാളെ നിങ്ങളെ കല്ലെറിഞ്ഞുവെന്നുവരാം; ഇന്ന് കല്ലെറിയുന്നവര്‍ നാളെ നിങ്ങള്‍ക്ക്‌ ഓസ്സാന പാടിയെന്നും വരാം. കണ്ണടച്ച് ഇരുട്ടാക്കിയാലും കണ്ണ് തുറക്കുമ്പോള്‍ പ്രകാശം കാണുമെന്നും ഓര്‍ക്കുക.ഒരൊറ്റ ഉറക്കം കൊണ്ട് നേരം വെളുക്കുകയും ഇല്ല.

എല്ലാ രാഷ്ട്രീയ പാര്‍ടിയില്‍ പെട്ടവരും ഒരു സത്യം അംഗീകരിക്കണം. മറ്റുള്ളവരുടെ വീഴ്ച്ച്ചയില്‍ മതിമറന്ന് സന്തോഷിക്കരുത്. കാരണം, ഒരുപക്ഷെ നിങ്ങളുടെ വീഴ്ച്ച അതിഭയങ്കരമായിരിക്കും. അപ്പോള്‍ ഇന്ന് നിങ്ങളോടോത്ത് ആനന്ദിക്കുന്നവര്‍ അന്ന് നിങ്ങളോടൊപ്പം ദുഖിക്കണമെന്നില്ല. എത്രയോ സംഭവങ്ങള്‍! ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉണ്ട്! അവ പാഠങ്ങള്‍ ആയി ഇരിക്കട്ടെ! ആര്‍കന്‍സാസിലെ കാക്കകള്‍ ദുഖിക്കുന്നത് കണ്ടില്ലേ?

From the Criminologist's Corner-58

From the Criminologist’s Corner-58

കാലം മാറുന്നതനുസ്സരിച്ച്....

ഇന്നലെ വരെ,അതിക്രൂരമായ ശൈത്യം അനുഭവപ്പെട്ട അര്‍ക്കന്‍സായില്‍ ഇന്ന് മുതല്‍ നല്ല ചൂടായി തുടങ്ങി.അധികം ചൂട്‌ അനുഭവപ്പെടുന്ന വെയില്‍. മൈലുകളോളം നീളത്തില്‍ കിടക്കുന്ന മൈതാനത്ത് ഇന്നലെ ഞാന്‍ കണ്ട കന്നുകാലികള്‍ ഇന്നും ഈ വെയിലത്ത്‌ മേയുന്നു.

ഇന്നലെ അവകളെ കണ്ടപ്പോള്‍ എനിക്ക് തോന്നി:”ഈശ്വരാ, ഇവര്‍ക്ക് ഈ കൊടും തണുപ്പ് അതിജീവിക്കാനുള്ള കഴിവ്‌ ഉണ്ടല്ലോ” എന്ന്. ഇന്ന് എനിക്ക് തോന്നുന്നു:”ഇവര്‍ക്ക്‌ ഈ കൊടും വെയില്‍ കൊള്ളാനുള്ള കഴിവ്‌ ഉണ്ടല്ലോ” എന്ന്. പ്രകൃതി നല്‍കിയ വരദാനം! മനുഷ്യരോ? ഇന്നലെവരെ രണ്ടും മൂന്നും, ചൂട് തരുന്ന, വസ്ത്രവും ജാക്കറ്റും ഇട്ട് നടന്നവര്‍ ഇന്ന് അവയൊന്നും ഇല്ലാതെ വെറും T-shirt ഉം മറ്റും ധരിച്ച് ചിരിച്ച് നടന്നുപോകുന്നു. തണുപ്പില്‍ ഞാന്‍ അന്ന് കണ്ട ആ കുരുവികളെ ഇപ്പോള്‍ കാണാന്‍ ഇല്ല.

എന്‍റെ കുട്ടിക്കാലത്ത്‌ അമ്മ വളര്‍ത്തിയിരുന്ന കോഴികളെ കട്ടുകൊണ്ടുപോയിരുന്ന കള്ളന്മാരെ ഞങ്ങള്‍ക്ക്‌ ഭയമായിരുന്നു. തലയില്‍ മുണ്ടിട്ടുമൂടി വന്നിരുന്ന അവര്‍ പിന്നീട് ആട് കള്ളന്മാരായി. അവരെല്ലാം മണ്‍മറിഞ്ഞ് പോയപ്പോള്‍ അവരുടെ ഇളം തലമുറക്കാര്‍ കോഴി,തേങ്ങാ, കായക്കുല,ആട് എന്നിവയെ ഉപേക്ഷിച്ച് കാര്‍ മോഷ്ടാക്കള്‍ ആയി മാറി. പാലില്‍ വെള്ളം ചേര്‍ത്ത് പറ്റിച്ചിരുന്നവര്‍ ഇന്ന് പരസ്യത്തിലൂടേയും പണ്ടം പണ യത്തിലൂടേയും മനുഷ്യരെ പറ്റിക്കുന്നവര്‍ ആയി മാറി. വരംബ്‌ കിളച്ച് കിളച്ച് അന്ന്യന്‍റെ കൃഷി ഭൂമി അല്പ്പാല്‍പ്പം ചുരണ്ടിയെടുത്ത്തവര്‍ ഇവിടെ വന്‍ റിസോര്‍ട്ട് പണിയാനും മറ്റുമായി ഭൂമി കൈയേറാന്‍ തുടങ്ങി.അങ്ങനെ കൈയേറ്റക്കാരും കുടിയേറ്റക്കാരും ഉണ്ടായി. കൊയ്ത്തുകാലത്ത്‌ പതമ്പ് അളക്കുമ്പോള്‍ പതിരുകൂടി ചേര്‍ത്തിരുന്നവര്‍ ഇന്ന് മദ്യത്തില്‍ മായം ചേര്‍ത്തും ഭക്ഷണപദാര്‍ത്തങ്ങളില്‍ വിഷം ചേര്‍ത്തും പണക്കാരാവുന്നു.

അയല്പക്കക്കാരന്‍റെ തേങ്ങാ മോഷ്ട്ടിചിരുന്നവര്‍ മണല്‍ മാഫിയാകള്‍ ആയി മാറി. വല്ലപ്പോഴും വനത്തില്‍ പോയി വെട്ടുന്ന തടി തല ചുമടായി കൊണ്ടുവന്ന് രഹസ്യമായി വിറ്റ്‌ പണമാക്കിയിരുന്നവര്‍ ഇന്ന് ലോറികളിലും മറ്റും തടി കടത്തുന്ന വന്‍ കട്ടുകള്ളന്മാരായി-മുതലാളിമാരായി. പെണ്‍കുട്ടികളെ ദുഷ്ടലാക്കോടെ നോക്കുന്നത്പോലും പാപമാണെന്ന് കരുതിയിരുന്നവര്‍ ഇന്ന് പെണ്‍വാണിഭക്കാരായി മാറിയിരിക്കുന്നു.കുളക്കടവിലും രാത്രിയുടെ മറവിലും നഗ്നത കണ്ട് ആസ്വദിച്ചിരുന്ന മാനസീക രോഗികള്‍ ഇന്ന് നീലചിത്രവും ഒളിക്യാമറകളും മൊബൈല്‍ നഗ്നതാ പ്രദര്ശനവുമെല്ലാമുള്ള മാന്യന്മാര്‍ ആയിരിക്കുന്നു. വ്യഭിചാരകുറ്റം ഇന്ന് ലൈംഗീക തൊഴിലായി. അതിന്‍റെ പല രൂപങ്ങള്‍ പല നിറങ്ങളില്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു.

വടിക്ക് തല്ലിയും കത്തിക്ക്‌ കുത്തിയും കൊലചെയ്തിരുന്നവര്‍ ഇന്ന് വാഹനം കയറ്റിയും ബോംബുകള്‍ പൊട്ടിച്ചും മനുഷ്യരെ വകവരുത്തുന്നു. അപൂര്‍വമായി നടന്നിരുന്ന ആത്മഹത്യകള്‍ ഇന്ന് ആചാരമായി മാറി മഹത്ത്വീകരിക്കപ്പെടുന്നു. കുഴല്‍ പണവും ഹാവാല പണവും കമ്മീഷന്‍ പണവും നോട്ടിരട്ടിപ്പും കള്ളപ്പണവും കള്ളനോട്ടടിയും അന്നുണ്ടായിരുന്നില്ല. ഓലയില്‍ എഴുതി പഠിച്ചിരുന്ന കുഞ്ഞുങ്ങള്‍ പഠിച്ച് പഠിച്ച് വന്നപ്പോള്‍ വ്യാജഡിഗ്രീകളും വ്യാജഡിപ്ലോമകളും വിപണിയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന സാധനങ്ങള്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.

ഒരു ഗ്രാമത്തില്‍ നിന്നും അടുത്ത ഗ്രാമത്തിലേക്ക്‌ പോകാന്‍ വരെ ഭയപ്പെട്ടിരുന്നവര്‍ ഇന്ന് ലോകം മുഴുവന്‍ പോയി ജീവിക്കുന്നു. അവരിലും തട്ടിപ്പും വെട്ടിപ്പും പറ്റിപ്പും നടത്തുന്നവര്‍ ഏറെ. രാഷ്ട്രീയ-മത മേഖലകളില്‍ വന്നുചേര്‍ന്ന കുറ്റകൃത്യങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഉടുതുണിയും പണിയായുധവുമായി രാഷ്ട്രീയത്തില്‍ ഇറങ്ങിയവര്‍ ഭൂമിയിലെ രാജാക്കന്മാരായി മാറിയിരിക്കുന്നു. നോയമ്പ് നോക്കിയും വ്ര്യതം അനുഷ്ട്ടിച്ചും ജീവിച്ചിരുന്നവര്‍ ഇന്ന് ആള്‍ദൈവങ്ങളും ദൈവീക വ്യക്തിത്ത്വങ്ങളുമായി മാറിയിരിക്കുന്നു. തീവ്രവാദം,ഉഗ്രവാദം,മൌലീകവാദം,ഭ്രാന്തന്‍വാദം അന്നുണ്ടായിരുന്നില്ല.തെരിവ്‌ഗുണ്ടകള്‍ കത്തിയും കൊണ്ട് നടന്നിരുന്നു. പക്ഷെ, ഇന്ന് ഗുണ്ടാ സംഘങ്ങളും വാടകഗുണ്ടാകളും പെരുകിയിരിക്കുന്നു.അവരുടെ നെറ്റ്‌വര്‍ക്ക് നിലവില്‍ വന്നിരിക്കുന്നു. ബന്ദും ഹര്‍ത്താലും അന്ന് ഇല്ലായിരുന്നു. റോഡ്‌ ഉപരോധവും രാഷ്ട്രീയ-വര്‍ഗീയ സംഘട്ടനങ്ങളും കേട്ടുകേള്‍വിപോലുംമില്ലാതിരുന്നഒരു കാലഘട്ടത്തില്‍ നിന്നും ഏതാണ്ട് എല്ലാ ദിവസ്സവും അവയുണ്ട് എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി വഷളായി ഇരിക്കുന്നു. വാഹനാപകടങ്ങള്‍ തീരെ ഇല്ലായിരുന്നു. വിവാഹമോചനവും സ്ത്രീപീഡനവും ബാലപീഡനവും അവര്ക്കറിയില്ലായിരുന്നു..

മാറി മാറി വന്ന കാലാവസ്ഥയില്‍ ഇവിടെ മ്രഗങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ പോലെ കേരളത്തിലെ കുറ്റകൃത്യമേഖലകളില്‍ ഉണ്ടായ മാറ്റങ്ങളിലേക്ക് ഒന്ന് എത്തിനോക്കിയെന്ന് മാത്രം. ആഴത്തിലേക്ക് പോയാല്‍ ആരേയും അമ്പരിപ്പിക്കുന്നതായിരിക്കും യഥാര്‍ത്ഥ ചിത്രങ്ങള്‍!

Thursday, March 17, 2011

From the Criminologist's Corner-57

From the Criminologist’s Corner-57

നിയമം നടപ്പാക്കുമ്പോള്‍ നീതി നിഷേധിക്കാന്‍ പാടില്ല.

ഒരു ക്രിമിനല്‍ കേസ്സില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിക്കുന്ന ഒരു മുന്‍മന്ത്രി അദ്യേഹത്തിന്‍റെ ആത്മകഥ എഴുതുന്നുവെന്ന് കേട്ടു. പ്രിസ്ണര്‍ 5999 എന്നോ മറ്റോ ആണ് ആ പുസ്തകത്തിന്‍റെ പേരു എന്നും വാര്‍ത്ത ഉണ്ടായിരുന്നു. ജയിലില്‍ ചൂട്‌ അസഹനീയാമാണെന്നും,കൂടാതെ കൊതുകുശല്യം സഹിക്കാന്‍ പറ്റുന്നതിലും കൂടുതല്‍ ആണെന്നും അതുകൊണ്ട് ഒരു എ.സി.മുറി തരപ്പെടുത്തികൊടുക്കണമെന്നും അദ്യേഹം ആവശൃപെട്ടുവെന്നാണ് പറഞ്ഞുകേട്ടത്.അത് ചെയതുകിട്ടുന്നില്ലെങ്കില്‍ നിരാഹാരം കിടക്കാന്‍ ഉദ്യേശിക്കുന്നുവെന്നും വാര്‍ത്തയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.

ഈ അവസ്സരത്തില്‍ ഒരിക്കല്‍ കൂടി നമ്മുടെ ജയില്‍ ശിക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടതായി തോന്നി. ഇന്ത്യക്കാരായ നേഴ്സുമാര്‍ ജോലി ചെയ്യുന്ന ഒട്ടനവധി വ്ര്യദ്ധകേന്ദ്രങ്ങള്‍ അമേരിക്കയില്‍ ഉണ്ട്. വയസ്സായവരെ പരിചരിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം.ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍മന്ത്രിക്ക്‌ 76വയസ്സുണ്ട്. അദ്യേഹത്തോടൊപ്പം ശിക്ഷിക്കപ്പെട്ട മറ്റൊരാള്‍ ഓര്‍മ നഷ്ടപ്പെട്ട് കിടപ്പിലായ 82വയസ്സുകാരനായ വ്യക്തിയാണ്‌.മേധാക്ഷയത്തിന് അടിമയാണദ്യേഹം.ഭാര്യയേയും മക്കളേയും തിരിച്ചറിയാന്‍ കഴിയുന്നില്ല. അദ്യേഹത്തെ അറസ്റ്റ്‌ ചെയ്യാന്‍ വീട്ടില്‍ ചെന്ന പോലീസ്കാര്‍ അറസ്റ്റ് വേണ്ടെന്ന് വച്ച് മടങ്ങിപോയി. ആംബുലന്‍സ് വേണം അദ്യേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍.ഇക്കാര്യങ്ങളെല്ലാം കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട്‌ കൊടുത്തതിന്‍റെ അടിസ്ഥാനത്തില്‍ അദ്യേഹത്തെ ജയില്‍വാസത്തില്‍ നിന്നും ഒഴിവാക്കിയത്രേ. നല്ലകാര്യം. ഇങ്ങനെ ശിക്ഷിക്കുന്നതിന്‍റെ പിന്നില്‍ നീതി നടപ്പാക്കുകയെന്നതാണോ ഉദ്യേശ്യം? അതാണ്‌ കുറ്റകൃത്യശാസ്ത്രം അന്യേഷിക്കുന്നത്.

ശിക്ഷകള്‍ക്കും ശിക്ഷാശാസ്ത്ര വളര്‍ച്ചക്കും ഒരു ചരിത്രം ഉണ്ട്. കൈയും വെട്ടികളഞ്ഞ്-കാലും മുറിച്ചുകളഞ്ഞ്-കണ്ണും ചുഴുതെടുത്ത്-ലിംഗവും ഛേദിച്ച് കളഞ്ഞ്-നാക്കും പിഴുതെടുത്ത് നീതി നടത്തിയിരുന്ന ഒരു കാലത്തുനിന്നും സഹസ്ട്രാബ്ദങ്ങള്‍ സഞ്ചരിച്ചശേഷമാണ് 1704ല്‍ ജയില്‍ ശിക്ഷ ലോകത്ത്‌ വന്നത്.പിന്നീട് ശിക്ഷാ-ജയില്‍ എന്നതില്‍ നിന്നും രക്ഷാ-ജയില്‍ എന്ന ചിന്താഗതിയില്‍ എത്തിച്ചേരാന്‍ നൂറ്റാണ്ടുകള്‍ എടുത്തു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതിയോടെ ജയില്‍വാസത്തിന്‍റെ ഉദ്യേശ്യം തന്നെ correction, reformation ആണെന്ന് അംഗീകര്‍ക്കപ്പെട്ടു. ഈ നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ അത് correction,reformation,resocialization,rehabilitation and reintergration to society back ആണെന്നും അംഗീകരികരിച്ചു. ഇപ്പോള്‍ അതിന് വീണ്ടും പുതിയ മാനങ്ങള്‍ ഉണ്ടായിരിക്കുന്നു. ജയില്‍ ശിക്ഷയുടെ ഉദ്യേശ ശുദ്ധി-ലക്‌ഷ്യം ‘Developing personality in an upright way in the right direction’ എന്നായി മാറിയിരിക്കുന്നു. ആ അവസ്ഥയില്‍ ആണ് വയോവ്ര്യദ്ധരെ കുറ്റം നടന്ന് പല ദശകങ്ങള്‍ കഴിഞ്ഞപ്പോള്‍ ജയില്‍വാസത്തിന് പറഞ്ഞുവിടുന്നതെന്ന് ഓര്‍ക്കുക. ഇവയാണ് എന്‍റെ ചോദ്യങ്ങള്‍-

(൧)കുറ്റം നടന്നശേഷം പതിനഞ്ചും ഇരുപതും വര്ഷം കഴിഞ്ഞ് വിധിക്കുന്ന കേസ്സുകളില്‍ കൊടുക്കുന്ന മേല്‍ പറഞ്ഞ ജയില്‍ ശിക്ഷ നീതിയാണോ? ഒരു കേസ്സില്‍ വിധി പറയാന്‍ എടുക്കുന്ന കാലഘട്ടത്തിന് കാലപരിധി അഥവാ limitation വക്കുന്നത് ഇന്നിന്‍റെ ആവശ്യമല്ലേ?

(൨)പ്രായാധിക്ക്യത്തിലുള്ളവരെ ജയിലിലേക്ക് അയക്കുന്നത് അവരുടെ വ്യക്തിത്വ വളര്‍ച്ചക്ക് ആണോ? ബോധം നഷ്ടപെട്ടവരെ,ക്യാന്‍സര്‍ പിടിപെട്ടവരെ, ശരീരം തളര്‍ന്നവരെയൊക്കെ ജയിലിലേക്ക്‌ ശിക്ഷിച്ച് അയച്ചതുകൊണ്ട് സമൂഹത്തിനെന്ത് പ്രയോചനം?

(൩)വധശിക്ഷ നിരുത്തലാക്കണമെന്ന് വാദിക്കുന്ന ഇക്കാലത്ത്‌-പല രാജ്യങ്ങളും നിര്‍ത്തലാക്കിവരുന്ന ഈ സമയത്ത്‌- വയോവ്രദ്ധരായവരെ അവരുടെ ശ വസംസ്കാരം നടത്താനെന്നതരത്തില്‍ ജയിലുകളിലേക്ക് അയക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടോ? അതിനേക്കാള്‍ നല്ലത് അവര്‍ക്ക്‌ വധ ശിക്ഷ കൊടുക്കുന്നത് തന്നെയല്ലേ?

നിയമം നടപ്പാക്കുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നുവെങ്കില്‍ അത്തരം നിയമത്തെ മാറ്റി എഴുതേണ്ടതാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങളും പഴയ ചിന്താഗതിയുള്ള ജഡ്‌ജിമാരും നിയമം മാറ്റാന്‍ തയ്യാറല്ലാത്ത നിയമസമാജികരും വ്യക്തിവൈരാഗ്യവും വിദ്യേഷവും സ്വാര്‍ത്ഥലാഭവും താല്പര്യങ്ങളും സംരക്ഷിക്കുന്ന കുറെ രാഷ്ട്രീയക്കാരും ഉള്ള കാലത്തോളം നീതിയെക്കാള്‍ പ്രാധാന്യം നിയമത്തിന് തന്നെ ആയിരിക്കുമെന്ന് വേണം കരുതുവാന്‍. വയോവ്ര്യദ്ധകേന്ദ്രങ്ങളില്‍ അന്യേഷിച്ചാല്‍ അറിയാം വയസ്സന്മാരുടെ കഷ്ടപ്പാടുകളും അവരോട് കാണിക്കുന്ന അനീതിയുടെ ആധിക്കൃവും.അങ്ങനെയെങ്കില്‍ ,തടവറകളില്‍ അത് എപ്രകാരമായിരിക്കും?

Tuesday, March 15, 2011

From the Criminologist's Corner-56

From the Criminologist’s Corner-56

ആരെ വിശ്വസിക്കണം? ആരെ വിശ്വസി ക്കാതിരിക്കണം?

ഇവിടത്തെ ബോഡിഫിറ്റ്നസ് സെന്ടെരില്‍ പോയി വ്യായാമം ചെയ്യുമ്പോള്‍ ഞാന്‍ സാധാരണ സി.ബി.എസ്.ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന കോടതി രംഗങ്ങളാണ് കാണുക. വെളുത്ത വര്‍ഗക്കാര്‍, മേക്സിക്കൊക്കാര്‍,തെക്കെ അമേരിക്കക്കാര്‍ ,യൂറോപ്പില്‍ നിന്നും ഉള്ളവര്‍, വടക്കെ അമേരിക്കക്കാര്‍,ചൈനക്കാര്‍,കൊറിയക്കാര്‍- എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാവരും തന്നെ വാദികളായും പ്രതികളായും കോടതിയില്‍ ഹാജരാകുന്നു. ചിലര്‍ കാഴ്ച്ചയില്‍ വളരെ സുന്ദരന്മാരും സുന്ദരികളും ആണ്. അവരും പിന്നെ സൌന്ദര്യം കുറഞ്ഞവരുമെല്ലാം സത്യം പൂര്‍ണമായി പറയുന്നില്ലെന്ന് കോടതി നടപടികള്‍ വീക്ഷിക്കുന്നവര്‍ക്ക്‌ മനസ്സിലാകും. വാദികളും പ്രതികളുമെല്ലാം നുണ പറയുന്നു. സത്യം രണ്ടുപേര്‍ പറയുന്ന നുണകള്‍ക്കിടയില്‍ എവിടെയോ കിടക്കുന്നുണ്ടെന്നതാണ് സത്യം. ഞാന്‍ ഇതെഴുതുന്നത് ഒരുകാര്യം വ്യക്തമാക്കാനാണ്.ആരായാലും ഏത് രാജ്യക്കാരനായാലും ഏത് പ്രായക്കാരനായാലും എല്ലാവരും നുണ-നുണ തന്നെ പറയുന്നു.

കേരളത്തിലേക്ക്‌ വന്നാലോ? പണ്ടൊക്കെ രാഷ്ട്രീയക്കാര്‍ പറഞ്ഞിരുന്ന നുണകള്‍-തോന്യാസ്സങ്ങള്‍ അച്ചടി മാധ്യമങ്ങളില്‍ ആയിരുന്നു വന്നിരുന്നത്. ഉടനെ തന്നെ അവര്‍ ഒരു ‘നിഷേധക്കുറിപ്പ്’ എഴുതി ഇറക്കും. അതോടെ എല്ലാം അവസ്സാനിക്കുമായിരുന്നു. എന്നാല്‍,ഇന്ന് ദ്രശൃ-സ്രാവ്യ മാധ്യമങ്ങളുടെ ‘വിളയാട്ട’ മാണെവിടേയും. അതുകൊണ്ട്, ഇന്ന് രാഷ്ട്രീയക്കാര്‍ക്ക്‌ ‘അപ്പാടെ’ നിഷേധിക്കാന്‍ കഴിയുന്നില്ല. ‘വീണിടത്ത് കിടന്ന് ഉരുളുക’ എന്നതാണവരുടെ അടവ്‌. അങ്ങനെ,’ഉരുളുന്നതിനെ’ പിന്‍താങ്ങാന്‍ ഫീസ്‌ വാങ്ങാതെ വാദിക്കാന്‍ വരുന്ന ചില താല്‍പ്പര കക്ഷികളുമുണ്ട്.

ജഡ്‌ജിമാരെ പറ്റി ഒരു രാഷ്ട്രീയ നേതാവ്‌ ചില ‘പദപ്രയോഗങ്ങള്‍’ നടത്തി. വഴിയോരസംമ്മേളനത്തില്‍ പറഞ്ഞ അക്കാര്യം കോടതി അലക്ഷ്യമാണെന്ന് കണ്ട് ഇപ്പോള്‍ കേസ്‌ എടുത്തിരിക്കുകയാണ്.ഉടനെ അദ്യേഹം മലയാള ഭാഷ നിഘണ്ടുവില്‍ പ്രസ്തുത പദത്തിന് കൊടുത്തിരിക്കുന്ന വിവിധ അര്‍ത്ഥങ്ങള്‍ കണ്ട് പിടിച്ച് “ഞഞ്ഞാ,പിഞ്ഞാ-ഞഞ്ഞാപിഞ്ഞാ’ പറഞ്ഞുകളിക്കുന്നു.ദൈവം സ്രഷ്ടിച്ചീട്ടുള്ള ഒന്നും മോശമല്ല; എല്ലാം നല്ലതാണ് എന്ന് പലയാവര്‍ത്തി പറയുന്ന ഒരു ദൈവശാസ്ത്ര പണ്ഡിതനെ പോലെ അദ്യേഹം ഏത് ഭാഷയിലുള്ള ഏത് വാക്കും നല്ലതാണ്,ഒന്നും അസഭ്യമല്ല എന്ന് സമര്ത്തിക്കാന്‍ പരിശ്രമിക്കുന്നു.”Nothing is good or bad,but thinking makes it so”-എന്നാണല്ലോ പറയാറ്.

കോടതികളെ പറ്റി എന്തോ പറഞ്ഞതിന് ഒരു മന്ത്രിക്ക്‌ കോടതി അലക്ഷ്യകേസ്‌ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും അദ്യേഹം വ്യാഖ്യാനം കൊണ്ടുവന്നു. ദൈവം സ്രഷ്ടിച്ചവയെല്ലാം നല്ലതിന്,സ്രഷ്ടിക്കുനതും നല്ലതിന്.സ്രഷ്ടിക്കാന്‍ പോകുന്നതും നല്ലതിന് എന്ന സമീപനരീതിയാണ് അദ്യേഹം സ്വീകരിച്ചത്.ഒരു മുന്‍മന്ത്രിയും ഇപ്പോഴത്തെ എം.പി.യും ആയ ഒരാള്‍ ജഡ്ജിമാര്‍ കൈകൂലി വാങ്ങുന്നതിനെ പറ്റി പറഞ്ഞതിനും ഇപ്പോള്‍ വ്യാഖ്യാനങ്ങള്‍ വനീട്ടുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ സ്ഥിരം വരാറുള്ള ചില താല്‍പ്പര കക്ഷികള്‍ അവര്‍ക്കായി ഓശ്ശാന പാടുന്നതും കേള്‍ക്കാം. ഇവയൊക്കെ കാണുമ്പോള്‍- കേള്‍ക്കുമ്പോള്‍ ഫിറ്റ്നസ് സെന്റെരിലെ കോടതി രംഗങ്ങള്‍ ഓര്‍മ്മ വരും എല്ലാവരും നുണ പറയുന്നു.ദൈവം നുണയെ സ്രഷ്ട്ടിച്ചതും നല്ലതിന് തന്നെയാണോ?

നുണ പറയരുതെന്നാണ് മാതാപിതാക്കളും അധ്യാപകരും കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യം പറഞ്ഞുകൊടുക്കുന്നത്. എന്നീട്ടും നുണകൊണ്ട് അഭിഷേകം ചെയ്ത് നേതാവ്‌ കളിക്കുകയാണ് നമ്മുടെ നാട്ടില്‍ പലരും. ദ്രശ്യമാധ്യമാക്കാരോട് ഒരപേക്ഷ. ദയവുചെയ്ത് വാകുകളുടെ അര്‍ത്ഥം പറഞ്ഞുതരാന്‍ ഭാഷാ പണ്ഡിതന്മാരേയും സാഹചര്യങ്ങള്‍ വ്യാഖ്യാനിച്ചുതരാന്‍ മനഃശാസ്ത്രവിദഗ്തരേയും നിയമങ്ങള്‍ പറഞ്ഞുതരാന്‍ നിയമപണ്ഡിതരേയും കൊണ്ടുവരിക.അതല്ലാതെ,രാഷ്ട്രീയക്കാരെ എഴുന്നുള്ളിച്ച് കൊണ്ടുവന്ന് അതും ഇതും പറയിപ്പിച്ച് പൊതുജനങ്ങളെ ഇനിയും വിഢ്ഢികള്‍ ആക്കരുതെ!

No comments:

Post a Comment