Sunday, 27 March 2011

റോഡില്‍ പതിയിരിക്കുന്ന അപകടങ്ങള്‍

അര്‍കന്‍സായിലെ കുരുവികള്‍ അതിശൈത്യത്തെ അവഗണിച്ച്കൊണ്ട് ഐസില്‍ വന്നിരുന്ന് എന്തോ കൊത്തികൊണ്ടിരിക്കുന്നു. ചിലര്‍ പറയുന്നൂ മഞ്ഞ്കാലം തീര്‍ന്നു എന്ന്. വസന്ത കാലം വരവായി എന്നത്തിന്‍റെ ലക്ഷണമാണത് എന്ന്. മഞ്ഞ് ഉറഞ്ഞ് ഐസ് ആയ റോഡിലൂടെ നടന്നാല്‍ കാല്‍ വഴുതി വീഴുമേന്നതിനാല്‍ ആളുകള്‍ അത്തരം സാഹസത്തിന് മുതിരാറില്ല. വാഹനങ്ങല്ള്‍ 10-20 മൈല്‍ വേഗത്തിലേ ഓടിക്കാന്‍ പറ്റൂ. ഉപ്പും മറ്റും ഇട്ട് ഐസ് മാറ്റിയ റോഡുകളിലൂടെ കുറേക്കൂടി വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കവുന്നതാണ്.

റോഡിലെ അപകടങ്ങള്‍! അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ റോഡുകളില്‍ ഐസ് ഉറച്ച്കിടക്കുന്നില്ല. എന്നിരുന്നാലും പലവിധ അപകടങ്ങള്‍ പതിയിരിക്കുന്നു. ആലപ്പുഴയില്‍ ബസ് കാത്തുനിന്ന ചാക്കോയെ വകവരുത്തിയ സുകുമാരകുറുപ്പിനെ നാളിതുവരെ പിടികൂടാന്‍ കഴിഞ്ഞീട്ടില്ല എന്നതൊരു പഴയ കഥ.. മറന്നേക്കുക.

കേരളത്തിലെ റോഡുകളില്‍ ഒരു ദിനം പത്ത് പേര്‍ ചതഞ്ഞ്അരഞ്ഞ് ചാകുന്നൂവെന്നാണ് സ്ഥിതിവിവരകണക്കുകള്‍ കാണിക്കുന്നത്.സ്കൂളില്‍ പോകുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ വരെ റോഡില്‍ സുരക്ഷിതരല്ല. ഈയിടെ കരിക്കകത്ത് ഉണ്ടായ നേഴ്സറികുട്ടികളുടെ കൂട്ടമാരണം ആ പരമ്പരയിലെ അവസാനത്തേ തും.

ബസ്‌കാത്തുനില്‍ക്കുന്നവരെ ഇടിച്ച് വീഴ്ത്ത്തുന്ന – ബസില്‍ കയറാന്‍ പോകുന്നവരെ ഇടിച്ച് തെറിപ്പിക്കുന്ന- ബസില്‍ നിന്നും ഇറങ്ങുന്നവരെ തള്ളിയിട്ട് ബസിന്‍റെ പുറകു ചക്രം കയറി മരണപ്പെടുന്ന- ബസ്‌ പുറകോട്ട് എടുക്കുമ്പോള്‍ വണ്ടി കയറുന്ന എത്രയോ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു!

ഒരു വര്ഷം 50000ത്തോളം ആളുകളെ വികലാംഗരാക്കുന്ന നമ്മുടെ റോഡുകളില്‍ എന്ത് സുരക്ഷിതത്വം? നമ്മുടെ നാട്ടില്‍ റോഡ്‌ ദൈര്‍ഘ്യം കുറ വാനെന്നുകൂടി ഓര്‍ക്കുക.

കുറെ നാളുകള്‍ക്ക്‌ മുന്‍പ് വാടകക്ക് വിളിക്കുന്ന കാറുകളിലെ ഡ്രൈവര്‍മാരെ കഴുത്തില്‍ തുണിയിട്ട് കെട്ടിമുറുക്കി വലിച്ച് കൊന്നശേഷം കൊക്കയില്‍ തള്ളിയിരുന്ന ഒരു അവസ്ഥാവിശേഷം നിലനിന്നിരുന്നു. അതിലുപരി ആസൂത്രിത കൊലപാതകം നടത്താനായി വാഹനാപകടങ്ങളെ ആശ്രയിച്ച പലസംഭവങ്ങളും നമുക്കറിയാം.അങ്ങനെ ചെയ്യുന്നത് പണമിടപാട്കാരായാലും റിസോര്‍ട്ട് നിര്‍മാതാക്കളായാലും റോഡ്‌ സുരക്ഷയെ ബാധിക്കുന്നു. ഗുണ്ടകളുടെ വിളയാട്ടം റോഡുകളില്‍ സഹിക്കാന്‍ പറ്റുന്നതിലും ഏറെയാണ്.അമിത വേഗവും മദ്യപാനവും കണക്കില്‍ പെടുത്തിയാല്‍?ബോധംകെട്ടു മനുഷ്യര്‍ താഴെ വീഴും.

രാത്രികാലങ്ങളില്‍ വണ്ടി തടഞ്ഞ്‌നിര്‍ത്തി കൊള്ളയടിച്ച സംഭവങ്ങള്‍ അനേകം! നിയമപാലകര്‍ കൈക്കൂലി വാങ്ങാന്‍ കണ്ടെത്തുന്ന ഒരു സ്ഥലം റോഡുകള്‍ തന്നെ. ചെത്തുവീരന്‍മാരുടെ സാഹസ്സങ്ങളും റോമാന്‍സ് താരങ്ങളുടെ രതിപ്രകടങ്ങളും അപകടത്തെ ക്ഷണിച്ച് വരുത്തുന്നു.

ഐസ് റോഡില്‍ ഇല്ലെങ്കിലും കൊക്കയിലേക്ക് വാഹനം മറിയാനുള്ള എത്രയോ സ്ഥലങ്ങളുണ്ട് നമ്മുടെ നാട്ടില്‍? വഴിയിലെ കുഴികള്‍ മറന്നാലും വണ്ടിയുടെ ആക്സില്‍ ഒടിക്കുന്ന തരത്തിലുള്ള വെള്ളക്കെട്ടുകള്‍ അപകടകാരികള്‍ ആണ്. വള്ളവും വഞ്ചിയും കൊണ്ടുവന്ന് റോഡില്‍ യാത്രക്കായി ഉപയോഗിക്കുക, ശയന പ്രദക്ഷിണം നടത്തുക, വാഴയും വ്രക്ഷതൈകളും കൊണ്ടുവന്ന് നടുക, കരിങ്കല്ല് ഉരുട്ടികൊണ്ട് വന്ന് റോഡില്‍ കൊണ്ടിടുക- ഇവയെല്ലാം അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്ന് ചിലര്‍ കരുതുന്നു. എന്തായാലും അപകടങ്ങളെ കുറക്കാന്‍ അവക്ക് കഴിയും. സംശയം വേണ്ട.റോഡില്‍ കുഴിയടച്ച് ചരിത്രം ശ്രഷ്ടിച്ച ചരിത്രവും നമുക്കുണ്ട്.

ജപ്പാന്‍ കുടിവെള്ള ചാനലുകളും മണ്ണിടലും കുഴികുത്തിയിടലും വൈദൃുതി വകുപ്പ് ഉണ്ടാക്കുന്ന റോഡ്‌ വെട്ടിപോളിക്കലും അപകടകാരികള്‍ തന്നെ. ഒരുതത്തിലുള്ള റോഡ്‌ സൈന്‍സ്,സിഗ്നല്‍സ്,റോഡ് വരകള്‍ ഇല്ല. ജഡ്ജിമാര്‍ വരെ നടുറോഡില്‍ ഇറങ്ങി വഴക്കടിച്ച സംഭവങ്ങള്‍ ഉണ്ടായീട്ടുണ്ട്.

ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ ഉന്തിയിട്ട് ലൈംഗീകപീഡനത്തിന് ഇരയാക്കിയത് വ്യാപകമായ പ്രതിക്ഷേധത്തിന് ഇടയാക്കിയത് ഈ അടുത്ത കാലത്താണ്. പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകുന്ന പെണ്‍വാണിഭക്കാരും കാമവെറിയന്മാരും അവരെ സഹായിക്കുന്ന പെണ്‍മ്രഗങ്ങളും അപകടകാരികള്‍ തന്നെ. അവരും നില്‍ക്കുന്നത് റോഡിലും റോഡ്‌ അരികിലും ആണെന്ന് അറിയുക.

കുരുവികള്‍ താഴേക്കിറങ്ങിയാല്‍ വസന്തം വരാറായി എന്ന് കരുതിയിരിക്കുന്ന അര്‍കന്‍സാ നിവസ്സികളെപോലെ മലയാള നാട്ടില്‍ കുരുവികള്‍ ഇറങ്ങിയാല്‍ റോഡ്‌ സുരക്ഷ ഉറപ്പാക്കാനാവുമെന്ന് മലയാളികള്‍ പ്രതീക്ഷിക്കുന്നു. പക്ഷെ, ആ കുരുവികള്‍ എന്നെത്തും? അതാണ്‌ ആര്‍ക്കും അറിയാന്‍ വയ്യാത്തത്.

Friday, February 25, 2011

From the Criminologist's Corner-34

From the Criminologist’s Corner-34

അര്‍ക്കന്‍സായിലെ പ്രാവുകളും നമ്മുടെ നാട്ടിലെ പ്രതിരോധമാര്‍ഗങ്ങളും

അതിശൈത്യത്തില്‍ ആഹ്ലാദിച്ചുല്ലസിച്ച് പറന്ന് പറന്ന് പോയിരുന്ന കുഞ്ഞികുരുവികളെ ഞാന്‍ നേരത്തെ കണ്ടിരുന്നു. ഇന്ന് ശൈത്യം വളരെ കു‌ടി. ഏതാ ണ്ട് ഒന്നര അടിയിലേറെ ഐസ്. എവിടേയും തണുത്ത കാറ്റ്. കാറ്റെന്ന് പറഞ്ഞാല്‍, നമ്മുടെ അസ്ഥി തുളച്ചുകയറുന്ന മാതിരിയുള്ള കാറ്റ്.ചന്ദ്രനില്‍ പോകാനായി വസ്ത്രധാരണം ചെയ്യുന്നത്പോലെ ഷൂസും കൈയുറകളും തൊപ്പിയും മുഖം മൂടിയുമെല്ലാം വച്ചാലും തണുത്ത കാറ്റ് നാം കാണാത്ത ഏതോ പഴുതിലൂടെ അകത്ത്‌ കയറിയിട്ട് ശരീരത്തെ “കോച്ചുന്ന” വിധത്തിലാക്കി മാറ്റുന്നു. കാറിന്‍റെ ചില്ലില്‍ പറ്റിപിടിചിരിക്കുന്ന ഐസ് മാറ്റാനുള്ള എന്‍റെ ശ്രമം അഞ്ച്‌ മിനിട്ട് നീണ്ട്നിന്നില്ല, കൈവി\രലുകള്‍ അനക്കാനാവാത്തവിധം മരവിച്ച് പോയി-കൈയുറകള്‍ ഇട്ടിരുന്നെങ്കിലും! -21ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു അന്തരീക്ഷതാപം. അതിനിടയില്‍, ആകാശത്തിലേക്ക് ഞാനൊന്നു നോക്കി. അപ്പോള്‍ കുറച്ച് ദിവസ്സം മുന്‍പ് ഞാന്‍ കണ്ട കുരുവികളുടെ സ്ഥാനത്ത്‌ പ്രാവ് കണക്കെ കുറെ പക്ഷികള്‍ പറന്ന് പറന്ന് പോകുന്നു. അതൊരു കാഴ്ച തന്നെ ആയിരുന്നു. പ്രതികൂല കാലാവസ്ഥയിലും ജീവിക്കാന്‍ പ്രകൃതി നല്‍കിയ പ്രത്യേക ശക്തി.

പ്രാവിന്‍റെ കാര്യം അവിടെ നില്‍ക്കട്ടെ. നമുക്ക്‌ അത് കാണിച്ചു തരുന്ന പാഠം എന്താണ്? മലയാളികള്‍ക്ക് ഏതാണ്ട് എല്ലാത്തിനേയും അതിജീവിക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ട് എന്ന് കരുതുന്നവര്‍ ധാരാളം ഉണ്ട്. വഴിയില്‍ ഒരു വാഹനാപകടം ഉണ്ടായാല്‍ അതിനെ അതിജീവിക്കാന്‍ അങ്ങനെ ഒരു അപകടം കണ്ടില്ല എന്ന വിധത്തില്‍ സ്ഥലം വിടുന്നു; അപകടത്തില്‍പെട്ടവര്‍ ചോരയോലിപ്പിച്ച് കിടന്നാല്‍ അത് കണ്ടില്ല എന്ന രൂപത്തില്‍ ഓടി രക്ഷപെടുന്നു.

തൊഴിലില്ലായ്മയെ അതിജീവിക്കാന്‍ തൊഴില്‍ തട്ടിപ്പ്‌ നടത്തുന്നു; തൊഴില്‍ കൊടുക്കാമെന്നും തൊഴിലിനു വിദേശത്ത് കൊണ്ടുപോകാമെന്നും അന്യസംസ്ഥാനങ്ങളില്‍ ജോലി തരപ്പെടുത്തികൊടുക്കാമെന്ന് വ്യാമോഹിപ്പിച്ചും തൊഴിലനേൃഷകരെ പറ്റിക്കുന്ന/ തട്ടിക്കുന്ന എത്രയോ വ്യക്തികളും സ്ഥാപനങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടെന്ന് ആര്‍ക്കറിയാം?

പണ്ടം പണയം നടത്തിയും ബ്ലെയ്ഡ് നിക്ഷേപം വാങ്ങിച്ചും ലക്ഷം/കോടി കണക്കിന് ഉരുപിക തട്ടിച്ച് മുങ്ങുന്നവര്‍ അനേകം. അതിനെ അതിജീവിക്കാന്‍ മലയാളികള്‍ ഒച്ച വക്കുന്നു. അധികം കഴിയാതെ അവരുടെ മനോദുഖത്തെ അതിജീവിക്കാനുള്ള ശക്തി അവര്‍ ആര്‍ജിക്കുന്നു.

മദ്യപാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം ആണ് കേരളം. മദ്യം കഴിച്ച് അതിജീവിക്കാം പലതിനേയും.

ഏത് പ്രശ്നത്തെ അതിജീവിക്കാനും മലയാളിക്കൊരു ആയുധം ഉണ്ട്. സമരങ്ങള്‍! തൊഴില്‍ സമരം, വിദ്യാര്‍ഥി സമരം, ട്രാക്ടര്‍ക്ക് എതിരെ സമരം, കമ്പ്യൂട്ടര്‍ക്ക് എതിരെ സമരം; പ്ലസ്‌ ടു കൊഴ്സിനെതിരെ സമരം; സ്വാശ്രയ കോളെജ്കള്‍ക്കെതിരെ സമരം.; തൊഴിലില്ലായ്മക്കെതിരെ സമരം; വേതനവരധനവിനായി സമരം; ഡോക്ടര്‍മാരുടെ സമരം; സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരം; വികലാംഗരുടെ സമരം; നേഴ്സുമാരുടെ സമരം.....അങ്ങനെ നാം സെക്രട്ടേറിയറ്റിന്‍റെ മുന്‍പില്‍ ചെന്ന് ഒരു മാസം സമരങ്ങള്‍ ചെയ്യാന്‍ എത്തുന്നവരുടെ കണക്കെടുത്താല്‍ കണ്ണ് തള്ളിപ്പോകും. നമ്മുടെ നാട് ഒരു “സമര നാട്” ആയി മാറിയിരിക്കുകയാണ്. സമരം വിജയിപ്പിക്കാനായി നശിപ്പിക്കപ്പെടുന്നവയുടെ കണക്ക് വേറെ. എന്തിനധികം? ജീവിത പ്രശ്നങ്ങളെ അതിജീവിക്കാനായി വ്യക്തിപരമായും കുടുബം മുഴുവനായും ക്‌ുട്ടത്തോടെയും ആത്മഹത്യാചെയ്യുന്നവരുടെ എണ്ണം രാജ്യത്തുതന്നെ ഏറ്റവും അധികം കേരളത്തിലാണ്.

പ്രകൃതി അനുഗ്രഹിച്ച മാവേലിനാട്ടില്‍ പ്രകൃതിയുടെ ആക്രമണത്തെ പ്രതിരോധിക്കേണ്ട സാഹചര്യം മലയാളികള്‍ക്കില്ല. അതുകൊണ്ടായിരിക്കാം നാം നമ്മുടെതായ ചില പ്രതിരോധമാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച സമരങ്ങളെപോലെ തന്നെ ശകതമാണ് നമ്മുടെ നാട്ടിലെ അട്ടിമറി,നോക്കുക്‌ുലി, കോലംകത്തിക്കല്‍, പിരിവ്,ഗുണ്ടായിസം എന്നിവ. അവയും മലയാളികളുടെ പ്രതിരോധ ശക്തികള്‍ തന്നെ..ജോലിയും വേലയും ചെയ്യാന്‍ മനസ്സില്ലത്തവര്‍ കണ്ടെത്തിയിരിക്കുന്ന അത്തരം പ്രതിരോധ മാര്‍ഗങ്ങളെ നിരുല്‍സാഹപ്പെടുത്തേണ്ടതാണ്.ഇന്ത്യയില്‍ തന്നെ ദുബായ് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ വേതന ഘടന ആരേയും അതിശയിപ്പിക്കും വിധത്തിലുള്ളതാണ്. അവിടെ ജോലി ചെയ്യാതെ അന്യ രാജ്യങ്ങളില്‍ പോയി അഹോരാത്രം പണിയെടുക്കുന്ന മലയാളികള്‍ എന്തുകൊണ്ട് അവരുടെ കഴിവും ശക്തിയും ബുദ്ധിയും നമ്മുടെ സംസ്ഥാനത്തിന് വേണ്ടി വിനിയോഗിക്കുന്നില്ല? അതുകൊണ്ടായിരിക്കാം മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ നമ്മുടെ നാട്ടിലേക്ക് ഓടിയെത്തുന്നത്‌. അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ഇപ്പോള്‍ നമ്മളില്‍ പലരും.കഷ്ടം!

From the Criminologist's Corner-33

From the Criminologist’s Corner-33

ഇളം തലമുറ

ഒരു മാളില്‍(Mall) കുഞ്ഞുങ്ങളുടെ വിഭാഗത്തില്‍ ചെന്നാല്‍ കണ്ണ് തള്ളിപ്പോകും. ഇത്രമാത്രം സാധനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ആവശ്യമുണ്ടോ എന്ന് ചിന്തിച്ച്പോകും.കുഞ്ഞുങ്ങളുടെ ഓരോ നിമിഷത്തെ വളര്‍ച്ച കണ്ട് അത് മനസ്സിലാക്കി കുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതാകുവാനായീട്ടുള്ള രീതിയില്‍ ഭാവനയുടെയും യഥാര്‍ത്ഥൃത്തിന്‍റേയും പിന്‍ബലത്തോടെ നിര്‍മിച്ചിരിക്കുന്ന സാധനസാമഗ്രികളുടെ പേരുകള്‍ ഇവിടെ കുറിക്കുന്നില്ല. അവ കാണുമ്പോള്‍ കുഞ്ഞുങ്ങള്‍ നമുക്ക് വേണമെന്ന് തോന്നിപ്പോകും. അജാത ശിശുക്കളെ ഗര്‍ഭസ്ഥാവസ്ഥയില്‍വച്ച് കൊന്നുകളയാന്‍ എങ്ങനെ മനുഷ്യര്‍ക്കാകും? നമ്മുടെ നാട്ടില്‍ അങ്ങനെ ചെയ്യുന്നുവെന്നും പെണ്‍കുഞ്ഞുങ്ങളാണെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ചെയ്തിരിക്കുമെന്നും കേള്‍ക്കുംബോള്‍ മനസ്സിന് വിഷമം തോന്നുന്നു. തമിഴ്‌നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളുടെ വായില്‍ വിഷപ്പാല്‍ ഒഴിച്ചും നെന്മണികള്‍ വാരിയിട്ടും അവരെ വകവരുത്തുന്നുവെന്ന് മാധ്യമങ്ങളില്‍ കണ്ടു. കുഞ്ഞുങ്ങള്‍ ജനിച്ച ഉടനെതന്നെ അവരെ വില്‍ക്കുന്ന അമ്മമാര്‍, കൊന്നശേഷം കുഴിച്ചിടുന്നവര്‍, ഉപേക്ഷിച്ച് പോകുന്നവര്‍, അമ്മ തൊട്ടിലില്‍ ആക്കുന്നവര്‍, അനാഥാലയത്തില്‍ കൊടുക്കുന്നവര്‍- അത്തരക്കാരുടെ ചെയ്തികളെക്കുറിച്ച് മാധ്യമങ്ങള്‍ പലപ്പോഴും വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്. ഒരല്പം പ്രായമായാല്‍ മുഖം വികൃതമാക്കിയും അംഗവൈകല്യം വരുത്തിയും ഭിക്ഷാടനത്തിനു കൊണ്ടുപോകുന്നവര്‍,ഭിക്ഷാടനത്തിനായി കുഞ്ഞുങ്ങളെ ബലമായി പിടിച്ചുകൊണ്ടുപോകുന്നവര്‍,പണിസ്ഥലത്ത് കുഞ്ഞുങ്ങളെ കേട്ടിയിടുന്നവര്‍, ഭിക്ഷ യാചിക്കാനായി പറഞ്ഞയക്കുന്നവര്‍- എന്തിനു? കുഞ്ഞുങ്ങള്‍ കൊണ്ടുവരുന്ന വരുമാനത്തില്‍നിന്നും മദ്യം കഴിച്ച് കഴിയുന്നവര്‍, വരുമാനം കുറഞ്ഞാല്‍ കുഞ്ഞുങ്ങളെ അടിച്ച് പീഡപ്പിക്കുന്നവര്‍!

കുഞ്ഞുങ്ങള്‍ക്കുള്ള പാവകളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന ഭാഗത്ത് ചെന്നാല്‍ അവിടെ ഓരോ പ്രായത്തിലും കുഞ്ഞുങ്ങള്‍ എങ്ങനെ കളിക്കണം, എന്തുകൊണ്ട് കളിക്കണം എന്നത് ഗവേഷണബുദ്ധ്യാ പഠിച്ച് അവയുണ്ടാക്കി വില്‍ക്കാന്‍ വച്ചിരിക്കുന്നത് കാണേണ്ടത് തന്നെ. കുഞ്ഞുങ്ങളുടെ വളര്‍ച്ച ലക്ഷ്യമാക്കിയും വ്യക്തിത്വവികസനം കണക്ക് ക്‌ുട്ടിയും ഉണ്ടാക്കിയിരിക്കുന്ന സാധനങ്ങള്‍ കാണുമ്പോള്‍ വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങള്‍ ചെയ്യുന്ന ബാലവേലയെക്കുറിച്ച് ഓര്‍ത്തുപോകും. വേണ്ടത്ര വേതനം പോലും കൊടുക്കാതെ ദീര്‍ഘനേരം കുഞ്ഞുങ്ങള്‍ക്ക്‌ എന്ത് വ്യകതിത്വവികസനം? ചായക്കടയിലും ഇഷ്ടിക കളത്തിലും തീപ്പെട്ടി നിര്‍മാണ ശാലകളിലും വര്‍ക്ക്ഷോപ്പുകളിലും നില്‍ക്കുന്നവരെ ക്‌ുടാതെ വീട്ടുവേലക്കും അടുക്കളപണിക്കുംനില്‍ക്കുന്ന പിഞ്ചോമനകളെകുറിച്ചാരും അധികം ചിന്തിക്കാറില്ല. വീട്ടുപണിക്ക് നില്‍ക്കുന്ന പെണ്‍കുട്ടികളെ ലൈംഗീകമായും മറ്റു പലതരത്തിലും പീഡിപ്പിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തീകൊണ്ട് കുത്തിയും വടികൊണ്ട് അടിച്ചും ഇരുമ്പ് ദണ്ഡു പഴുപ്പിച്ച് വച്ചും പീഡിപ്പിച്ച കഥകളും കേട്ടിരിക്കുന്നു.

കുഞ്ഞുങ്ങള്‍ വായിക്കാന്‍- വായിച്ച് വളരാന്‍വേണ്ടിയുള്ള പുസ്തകശാലകള്‍,ലൈബ്രറികള്‍ കാണേണ്ടത് തന്നെ. ഏതെല്ലാം തരം പുസ്തകങ്ങള്‍! എന്തെല്ലാം തരം സി.ഡി.കള്‍! ഇവയെല്ലാം കാണുമ്പോള്‍ പഠിക്കാനാവാത്ത പരശതം കുഞ്ഞുകുട്ടികളെ പറ്റി ഞാന്‍ ചിന്തിച്ചുപോയി. ആദിവാസി മേഖലയില്‍ മാത്രമല്ല അഭ്യസ്തവിദ്യര്‍ താമസിക്കുന്നിടത്തും അങ്ങനെയായാലോ?പഠിച്ചില്ലെങ്കിലും വേണ്ടില്ല,ശതമാനം വച്ചുള്ള പാസാക്കല്‍, പത്താം ക്ലാസില്‍ പഠിച്ചാലും പേരെഴുതാന്‍ അറിയാത്ത കുഞ്ഞുങ്ങള്‍, സമരങ്ങളില്‍ വീരന്മാര്‍, വിദ്യാഭ്യാസ മേഖല സ്തംഭിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍! എങ്ങനെയെങ്കിലും പഠിച്ച് കോളേജില്‍ എത്തിയാല്‍? റാഗിങ്ങ് മന്നന്‍മാര്‍! കത്തി, കഠാര, സൈക്കിള്‍ ചെയില്‍, നാടന്‍ ബോംബ്‌,ഏറുപടക്കം,ക്രിക്കറ്റ് ബാറ്റ് തുടങ്ങിയവ കൊണ്ട് കോളേജില്‍ പോകുന്നവര്‍, ‘ലജ്ജാവതി’യെ പാടി പാടി നടക്കുന്നവര്‍, മദ്യം കഴിക്കുന്നവര്‍,മയക്കുമരുന്നിനടിമകള്‍,പീരീഡുകള്‍ കട്ട് ചെയ്യുന്നവര്‍, പ്രേമിച്ച് നടക്കുന്നവര്‍! ഇവരെല്ലാം എവിടേക്ക് പോകുന്നു?

വസ്ത്രങ്ങളുടെ വിഭാഗമാണ് കാണേണ്ടത്. ഏതെല്ലാം തരത്തില്‍? വിധത്തില്‍? അവയുടെ പല രൂപങ്ങളും നമ്മുടെ നാട്ടിലും എത്തുന്നുണ്ട്. ടെലിവിഷന്‍ സ്ക്രീനില്‍ നോക്കിയാല്‍,സിനിമ-സീരിയല്‍ കണ്ടാല്‍,സിനിമാറ്റിക് ഡാന്‍സ് കണ്ടാല്‍ നമ്മുടെ സംസ്കാരം എങ്ങനെ അക്കാര്യത്തില്‍ പാശ്ചാത്യവല്കരിക്കപെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം. പാശ്ചാത്യരുടെ നല്ല വശങ്ങളെ ശരിയായ രീതിയില്‍ കാണാതെയും ഉള്‍കൊള്ളാതേയും, എന്നാല്‍ തെറ്റായ രീതിയില്‍ കണ്ടും ഉള്‍ക്കൊണ്ടും മുന്നോട്ട് പോകുന്ന നമ്മുടെ കുഞ്ഞുങ്ങള്‍, കുട്ടികള്‍ -ഇളം തലമുറ- സമൂഹം,സംസ്കാരം എവിടെ ചെന്നെത്തിയടിച്ച് നില്‍ക്കുമെന്ന് ഉറക്കെ ചിന്തിക്കുക- പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുക.

Wednesday, February 23, 2011

From the Criminologist's Corner-32

From the Criminologist’s Corner-32

സീറോ വിസിബിലിറ്റി റോഡുകള്‍

വഴിയില്‍ തോരണങ്ങള്‍, ആര്‍ച്ചുകള്‍,സ്റ്റേജുകള്‍, അടുപ്പുകള്‍, ഉന്തുവണ്ടികള്‍,പഴവര്‍ഗകച്ചവടങ്ങള്‍,മീന്‍വില്‍പ്പന,ജാഥകള്‍,ഘോഷയാത്രകള്‍, ഉപരോധങ്ങള്‍, കുത്തിയിരിപ്പ്, വാഹനപ്രജാരണ ജാഥകള്‍, രക്ഷാ-മോചനാ-സന്ദേശ പ്രകടനങ്ങള്‍, പരസ്യവാഹനങ്ങള്‍, ചാരായകച്ചവടം, പച്ചക്കറി വില്‍പ്പന, രാഷ്ട്രിയ പ്രക്ഷോഭങ്ങള്‍/പ്രകടനങ്ങള്‍, തല്ല്‌,വഴക്കുംവക്കാണവും,വഴിമുടക്കി ബോര്‍ഡുകള്‍,മൃഗങ്ങള്‍, ആനകള്‍, ആള്‍കൂട്ടം, വഴിയോര സോറപറച്ചില്‍,വഴിയരികില്‍ നിന്നും മരുന്ന്,തുണി,പഴയ മണി, ബോംമ്മ, വീട്ട്ഉപകരണങ്ങള്‍,ഫര്‍ണിച്ചറുകള്‍, സി.ഡി.കള്‍, ചുടുകടല/കപ്പലണ്ടി, ചെവിതോണ്ടി,കണ്ണട, പത്രം,പാത്രം, പഴം, മാങ്ങാകച്ചവടക്കാര്‍, ധര്‍മ്മക്കാര്‍, സമരക്കാര്‍, ധര്‍ണക്കാര്‍, നിരാഹാരക്കാര്‍, പ്രാര്‍ത്ഥനക്കാര്‍,എഴുന്നുള്ളിപ്പുക്കാര്‍, തീര്‍ത്ഥാടകര്‍, കൂട്ടഓട്ടം, മത്സരഓട്ടങ്ങള്‍, മോട്ടോര്‍ വാഹന വര്‍ക്ക്ഷോപ്പുകള്‍, വെല്‍ഡിംഗ്കള്‍, വാഹനംകഴുകുന്നവര്‍-ഇത്തരത്തിലുള്ള റോഡുകളും റോഡ്‌ സംസ്കാരവും നിലനില്‍ക്കുന്ന മറ്റൊരു രാജ്യം ഈ ലോകത്ത് എവിടെയെങ്കിലുമുണ്ടോ എന്നെനിക്കറിയില്ല. ഇല്ലെങ്കില്‍, കേരളം ഗിന്നസ്‌ ബുക്കു ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടേണ്ടതാണു. കാരണം,അത്രമാത്രം കാര്യങ്ങളാണ് നമ്മുടെ റോഡുകളില്‍ നടക്കുന്നത്.

തെരിവ് ഗുണ്ടകള്‍ എന്നൊരു പ്രയോഗംതന്നെ മലയാളഭാഷയില്‍ ഉണ്ടായിരുന്നു. തെരിവ് സംസ്കാരം, തെരിവ് നാടകം, തെരുവ് ഉറക്കക്കാര്‍ അഥവാ street sleepers,പുലികളിക്കാര്‍, റോഡ്‌ പുറംപോക്ക് കൈയേറ്റക്കാര്‍, തെരിവ് തട്ടുകടക്കാര്‍, തെരുവിന്‍റെ മക്കള്‍, തെരിവ് വേശൃ, തെരിവ്ചന്ത തുടങ്ങി തെരുവിനോടൊത്ത്‌ ചേര്‍ന്ന് പറയുന്ന വാക്കുകള്‍ മലയാളികള്‍ക്ക് സുപരിചിതം. തെരുവിനോടൊത്ത് വാഹനഗതാഗതം സാധാരണ പറയാറി ല്ലാത്തതിനാല്‍ റോഡും വാഹനഗതാഗതവും തമ്മില്‍ ബന്ധമില്ലെന്നു കരുതരുത്. റോഡുകള്‍ ഗതാഗതത്തിനെന്നത്പോലെ അവ മറ്റുപലതിനുമാണെന്ന ചിന്താഗതിക്കറുതി വരുത്തേണ്ടതാണ്. കാരണം,വാഹനങ്ങള്‍ അത്രയേറെ വര്‍ധിച്ചിരിക്കുന്നു; വാഹനാപകടങ്ങള്‍ അത്രയേറെ കൂടിയിരിക്കുന്നു. റോഡും തൊഴിലും എന്ന ചിന്താഗതിക്ക് മാറ്റം വരുത്തി റോഡും ഗതാഗതവും എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കേണ്ടതാണ്. റോഡില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൈയും കണക്കുമില്ല. ആഭരണങ്ങള്‍ പിടിച്ച്പറിക്കുന്നവര്‍, സ്ത്രീകളെ കടന്ന്‌പിടിക്കുന്നവര്‍,സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നവര്‍,കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നവര്‍,റോഡ്‌ കൊള്ളക്കാര്‍, റോഡില്‍ കൊലചെയ്യുന്നവര്‍,റോഡ്‌ അപകടങ്ങള്‍ ഉണ്ടാക്കുന്നവര്‍ , റോഡില്‍ അടിക്‌ുടുന്നവര്‍, റോഡ്‌ മദൃപന്മാര്‍,റോഡ്‌ ദുരുപയോഗിക്കുന്നവര്‍- ഇവരെല്ലാം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരാണ്. കൊല ചെയ്യപെട്ടശേഷം റോഡരുകില്‍ വലിച്ചെറിയപ്പെടുന്ന അജ്ജാത ജഡങ്ങളുടെ എണ്ണം അനുദിനംകണക്കെ കൂടികൂടി വരുന്നു. തട്ടുകടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നതിനിടയില്‍ - ആഹാരം കഴിക്കുന്നതിനിടയില്‍ ഉണ്ടാവുന്ന തര്‍ക്കങ്ങള്‍, കത്തികുത്തുകള്‍, വഴക്കടിക്കല്‍, കൊലപാതകം- അവ വേറെ.തട്ടുകടയില്‍ ചാരായം വില്‍ക്കുന്നു,വ്യാജനും ലഭ്യം.റോഡില്‍ പണിതീത്തിരിക്കുന്ന ആര്ച്ചുകളില്‍ തട്ടിയുള്ള അപകടങ്ങള്‍ക്ക് പുറമേയാണ് ജാഥക്കുള്ളിലേക്കും ആള്‍കൂട്ടത്തിലേക്കും ഇടിച്ചു കയറുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍, അപകടമരണങ്ങള്‍. വൈറ്റ്പട്രോള്‍, വാഹന പട്രോള്‍,രാത്രികാല പട്രോള്‍, കാല്‍നട പട്രോള്‍, ബൈക്ക് പട്രോള്‍ ഇവയെല്ലാം പോലീസിനു ആവശ്യമായി വരുന്നതിന്‍റെ പ്രധാന കാരണവും റോഡില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തന്നെ.

അമേരിക്കയില്‍ ZERO VISIBILITY എന്നൊരു പ്രയോഗമുണ്ട്. മഞ്ഞും മൂടല്‍ മഞ്ഞും ഐസും കൂടിയുള്ള ഒരു ദിനം വാഹനങ്ങള്‍ റോഡില്‍ ഇറക്കാന്‍ പറ്റുന്നില്ലെങ്കില്‍ പറയുന്നതാണങ്ങനെ. അന്നേ ദിവസം റോഡില്‍ വാഹനങ്ങളെ കാണുകില്ല. എനിക്ക് തോന്നുന്നത്, നമ്മുടെ നാട്ടിലെ റോഡിലെ ബഹളം കാരണം എന്നും ZERO VISIBILITY ആണെന്നാണ്‌. ഈ സ്ഥിതിവിശേഷം മാറ്റിയെടുത്താലെ റോഡുകള്‍ക്ക് അവയുടെ ലക്ഷ്യം നിറവേറ്റാനാവൂ .

Tuesday, February 22, 2011

From the Criminologist's Corner-31

From the Criminologist’s Corner-31

ആരാണ് ശിക്ഷിക്കപെടേണ്ടവര്‍?

അമേരിക്കയിലെ മഞ്ഞു വീഴ്ച- പല അടികളോളം പൊക്കത്തില്‍ ഐസ്. അതിലൂടെ നടന്നാല്‍ കാല്‍ വഴുതി വീഴും. അല്പം നേരം നടന്നാല്‍ ചിലപ്പോള്‍ കുഴഞ്ഞുവീഴും. അത്തരത്തിലുള്ള ഒരു ദേശത്തേക്കായിരുന്നൂ ഒരു കാലത്ത് ഇംഗ്ലണ്ടില്‍ നിന്നും കുറ്റവാളികളെ നാട് കടത്തിയിരുന്നത്. അങ്ങനെ നാട് കടത്തപെട്ടവരെല്ലാം തന്നെ മരണപെട്ട്പോയീട്ടുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. മരണശിക്ഷക്ക് വിധിച്ചശേഷം തൂക്കുമരത്തിലേറ്റി കൊല്ലുന്നതു തന്നെയാണ് ഇത്തരത്തില്‍ നാട് കടത്തുന്നതിനീക്കാള്‍ ദയയുള്ളത്.അത് വച്ച്നോക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ കൊടുത്തിരുന്ന സുചീന്ദ്രം കൈമുക്ക്-അതായത്,തിളച്ച എണ്ണയില്‍ കൈമുക്കിയശേഷം കൈ പൊള്ളിയിട്ടുണ്ടെങ്കില്‍ കുറ്റം ചെയ്തുവെന്ന് നിശ്ചയിച്ചിരുന്ന നീതിബോധം- എത്ര അനുകമ്പാപൂര്‍വം ഉള്ളത് ആയിരുന്നുവെന്ന് ബോധ്യമാവുന്നത്. ആനയെകൊണ്ട് ചവിട്ടിച്ച് മനുഷ്യനെ ’പിളുക്കി’ കൊല്ലുന്നതും ചമ്മട്ടികൊണ്ട് അടിച്ചുകൊല്ലുന്നതും കാലുകള്‍ രണ്ട്‌കുതിരകളുടെ കാലുകളില്‍ കെട്ടി ശരീരം പിളര്‍ത്തികൊന്നിരുന്നതും കുരിശില്‍ തൂക്കികൊലചെയ്തിരുന്നതുമെല്ലാം ചരിത്രത്തിന്‍റെ ഭാഗമായ ഇക്കാലത്ത് അവകളെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.

ഇന്നത്തെ ജയില്‍ശിക്ഷകള്‍ ക്രൂരവും പൈശാചീകവും ആണെന്ന് മനുഷ്യാവകാശവാദികളും കുറ്റകൃതത്യശാസ്ത്രജ്ഞരും വാദിക്കുന്നുണ്ട്. അവ കൂടുതല്‍ ലഘൂകരിക്കുകയും മാനുഷീക പരിഗണന കൊടുക്കുകയും വേണമെന്ന ചിന്താഗതിക്കാണ് ഇന്ന് മുന്‍തൂക്കം. അങ്ങനെ നോക്കുമ്പോള്‍ മഞ്ഞ്കട്ടക്ക് മുകളില്‍ ചൂടുവസ്തങ്ങള്‍ പോലും ഇല്ലാതെയിരുത്തി ശിക്ഷിക്കുന്ന കാടന്‍ രീതിയെ കുറിച്ച് പറഞ്ഞീട്ട് കാര്യമില്ല.എന്നിരുന്നാലും ഇന്ന് നാം സംസാരിക്കുന്നത് ശിക്ഷ വിധിക്കുന്നവരും ശിക്ഷിക്കപെടുന്നവരും തമ്മിലുള്ള അന്തരത്തെ കുറിച്ചാണ്. കുറ്റം ചെയ്തുവെന്ന് സംശയിക്കപ്പെടുന്നയാളെ ഐസ് കട്ടക്ക് മുകളില്‍ കിടത്തി ചോദ്യം ചെയ്യുന്ന പോലിസ്‌ രീതി ചിലപ്പോഴൊക്കെ ഉണ്ടെന്നു പറയപ്പെടുന്നു. പറയുകയല്ല, സത്യം അതുതന്നെയാണ്. പലതരം മൂന്നാംമുറ പ്രയോഗങ്ങളിലൂടെ കുറ്റം തെളിയിക്കുക,കള്ള തെളിവുകളും ഇല്ലാ സാക്ഷികളേയുംഹാജരാക്കുക,അഴിമതി നടത്തുക,കൈക്ക്ൂലി. വാങ്ങുക,സ്വജനപക്ഷപാതവും താലപര്യങ്ങളും കാണിക്കുക-തുടങ്ങി കുറ്റവാളികള്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ ചെയ്യാന്‍ മടിക്കുന്നവ കുറ്റാന്വേഷകര്‍ ചെയ്യുന്നുവെന്നുവന്നാല്‍?- ആരാണിവിടെ ശിക്ഷിക്കപ്പെടേന്ടവര്‍?

കേസ്‌ വാദിക്കാനായി ചുമതലപ്പെടുത്തിയ വക്കീല്‍ കേസ്‌ നടത്തിപ്പിന്‍റെ ആരംഭം മുതല്‍ അതവസ്സാനിക്കുന്നത് വരെ ചെയ്തുക്‌ുട്ടുന്ന അപരാധങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. എങ്ങനെയെങ്കിലും ശിക്ഷവാങ്ങികൊടുക്കണമെന്ന ദുരുദ്ദേശത്തോടെ ഹജരാക്കപെടുന്ന തെളിവുകള്‍,വാദമുഖങ്ങള്‍,സാക്ഷികള്‍,രേഖകള്‍- അതിനായി സ്വീകരിക്കുന്ന അവിഹിതനേട്ടങ്ങള്‍, അഴിമതി മാര്‍ഗങ്ങള്‍ -അവയെല്ലാം തന്നെ ശിക്ഷാര്‍ഹമായ കൊടും ക്രൂരകൃത്യങ്ങള്‍ ആണ്. അവിടെയാണ് ആളുകള്‍ ചോദിക്കുന്നത്- ആരാണ് ശിക്ഷിക്കപ്പെടേണ്ടവര്‍ എന്ന്?

തീര്ന്നില്ല. മജിസ്ട്രേട്ടുകോടതി മുതല്‍ സുപ്രീം കോടതി വരെ സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നു.നീതിന്യായ കോടതികളാണോ ന്യയാധിപന്മാരാണോ ഉത്തരവാദികള്‍ എന്നുവരെ ചോദ്യങ്ങള്‍ ഉയരുന്നു. പ്രതികളെ രക്ഷിക്കാന്‍ വക്കാലത്ത് എടുക്കുന്ന വക്കീല്‍ കാണിക്കുന്ന പലതും കുറ്റകൃതത്യങ്ങളുടെ പട്ടികയില്‍ പെടുന്നവയാണ്.സ്വാധീനങ്ങള്‍ക്ക് വഴങ്ങിയും പണം മോഹിച്ചും നീതിയെ വിറ്റ് പണം ആക്കുന്ന “ന്യായാധിപന്മാരും” (അങ്ങനെ ആക്ഷേപം ഉണ്ട്) അതിനായി ഒത്താശ ചെയ്തുകൊടുക്കുന്ന പോലിസ്‌ ഉദ്യോഗസ്ഥരും- അവിടെയാനൊരു ചോദ്യം ഉണരുന്നത്- ആരാണിവിട ശിക്ഷിക്കപ്പെടേണ്ടവര്‍?

ശിക്ഷിക്കുന്നവരും ശിക്ഷിക്കപ്പെടുന്നവരും! രണ്ട്‌ കൂട്ടരും പരസ്പരം പഴിചാരുന്നു-പരസ്പരം അടുത്ത്തറിയുന്നു. അപ്പോഴാണ്‌ ആര്‍ക്കന്‍സായിലെ മഞ്ഞ് കട്ടകളെ പറ്റി ഓര്‍ത്തുപോകുന്നത്!

No comments:

Post a Comment