അജ്ഞാത ജഡങ്ങള്‍!!
ഒരു പൌരന്‍റെ തിരിച്ചറിയല്‍-IDENTITY-അത് ഏതൊരു രാജ്യത്തിനും ആവശ്യമാണ്. വികസിത രാജ്യങ്ങളിലെല്ലാം അതുണ്ട്. സിംഗപ്പൂരില്‍ ഐ.ഡി. കാര്‍ഡ് നിര്‍ബ്ബന്ധമാണ്. അമേരിക്കയില്‍ സോഷ്യല്‍ സെകൂരിറ്റി കാര്‍ഡ് അതിനായി ഉപയോഗിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് വരെ അതുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലും തിരിച്ചറിയല്‍ കാര്‍ഡ് ഇലക്ഷന്‍ കമ്മീഷന്‍ തന്നീട്ടുണ്ട്. അതുപോലെയുള്ള ഒട്ടനവധി തിരിച്ചറിയല്‍ രേഖകളും നമ്മുടെ കൈവശം ഉണ്ട്. റേഷന്‍ കാര്‍ഡ് മുതല്‍ നാം എണ്ണിനോക്കിയാല്‍ തിരിച്ചറിയല്‍ രേഖകളുടെ ഒരു കൂത്തരങ്ങ് ആണ്. പക്ഷെ, അവയൊന്നും മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ‘തിരിച്ചറിയല്‍ കാര്‍ഡ്’ പോലെയല്ല. കറതീര്‍ന്ന ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഇന്ത്യാ ഗവണ്മെന്റ് ഉടനെ തരുന്നൂ എന്ന പ്രതീക്ഷയിലാണ് നാമെല്ലാം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്രങ്ങളില്‍ വന്നിരുന്ന അജ്ഞാത ജഡം എന്ന വാര്‍ത്ത വെട്ടി ഒരു കടലാസ്സില്‍ ഒട്ടിച്ചുവെക്കുകയെന്നത് എന്‍റെ ഒരു ശീലമായിരുന്നു. കാരണം? അജഞാത ജഡങ്ങള്‍ കേരളത്തില്‍ കൂടി കൂടി വരുന്നൂ എന്നൊരു സംസാരം കേള്‍ക്കാമായിരുന്നു. മാസ്സങ്ങളോളം ഞാനും എന്‍റെ ഭാര്യയും കൂടി വെട്ടി വെട്ടി അവസാനം വെട്ടേണ്ട എന്ന് വച്ചു. അതിനുമുണ്ടൊരു കാരണം.ഒട്ടിച്ച് വക്കാന്‍ കടലാസ്സ് ഏറെ ആവശ്യമായി വന്നു.; അത് കൂടാതെ എല്ലാ വാര്‍ത്തകളും ഒരുതരം ക്ലാസ്സിഫൈഡ് പരസ്യം പോലെ..ഏറ്റവും കുറഞ്ഞ വാക്കുകളില്‍ വാര്‍ത്ത മാത്രം. അങ്ങനെയുള്ള ‘തുണ്ടുകള്‍’ വെട്ടിസൂക്ഷിച്ചതുകൊണ്ട് ഗവേഷണഗുണമൊന്നും ഇല്ല. ഒരുപക്ഷെ അജഞാത ജഡങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളുടെ രൂപം എന്നോ മറ്റോ പഠിക്കാം എന്നല്ലാതെ മറ്റ് പ്രയോജനങ്ങള്‍ ഇല്ലായിരുന്നു. അജ്ഞാത ജഡങ്ങളുടെ ബാഹുല്യവും താങ്ങാനാവുന്നതിലും കൂടുതല്‍ ആയിരുന്നൂ.
ഒരു വര്ഷം കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം നാള്‍ക്ക്നാള്‍ കുറഞ്ഞുവരുന്നുണ്ട്. എന്നാല്‍ അജ്ജാത ജഡങ്ങളുടെ എണ്ണം കൂടി കൂടി വരുന്നു! 650നും 700നും മദ്ധ്യേയാണ് അജ്ഞാത ജഡങ്ങള്‍! കൊലപാതകങ്ങള്‍ ആകട്ടെ 425നും 475നും മദ്ധ്യേ(?).എവിടെ നിന്ന് വരുന്നൂ. ഈ ‘അജ്ഞാതന്മാര്‍’? കാടിനുള്ളിലും കടല്‍ കരയിലും റോഡ് അരുകിലും റെയില്‍വേ ട്രാക്കിലും കാണപ്പെടുന്ന അജ്ഞാതന്മാര്‍ക്ക് പുറമേ കായല്‍ വെള്ളത്തിലും പുഴയിലും മീന്‍ കൊത്തിയ നിലയിലും ചീഞ്ഞഴിഞ്ഞതരത്തിലും അജ്ഞാത ജഡങ്ങള്‍ കാണാം. ആരും അവകാശപെടാനില്ലാത്ത ഈ ‘അജ്ഞാതന്മാര്‍’പലപ്പോഴും പോലിസിന്‍റെ മാത്രം” Property’ ആയി മാറുന്നു.അവരാവട്ടെ,അധികമൊന്നും മെനെക്കെടാതെ കുറെ ഫോട്ടോകള്‍ എടുത്ത് ജഡം കുറച്ചുകാലം സുക്ഷിച്ചുവച്ച് മറവുചെയ്യുന്നു. പിന്നീട് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ലെങ്കില്‍ ജഡങ്ങള്‍ക്ക് സുഖനിദ്ര- R.I.P.; ഉണ്ടാകുന്നൂവെങ്കില്‍ പോലീസിനു തലവേദന.
അജ്ഞാത ജഡങ്ങളെ തിരിച്ചറിയാന്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന കാര്യം പോലീസ് വകുപ്പ് 1990കളിലെ ചിന്തിച്ചിരുന്നു.അതിനായി ഒരു പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കികൊടുക്കാന്‍ എന്നെ അന്നത്തെ ഡി.ജി.പി. ചുമതലപ്പെടുത്തി.ഞാന്‍ അത് തയ്യാറാക്കി കൊടുത്തതുമാണ്.എന്നാല്‍ പിന്നീട് അതിന് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല. വിസ എടുക്കാനായി ചെന്നയിലെ അമേരിക്കന്‍ എംബസിയില്‍ ചെന്നപ്പോള്‍ അവര്‍ നിമിഷം നേരം കൊണ്ട് വിരലടയാളവും കൈപ്പത്തിയിലെ അടയാളവും രേഖപ്പെടുത്തി. നമ്മുടെ പോലിസ് സ്റ്റേഷനിലെ മഷി പ്രയോഗം ഞാന്‍ അവിടെ കണ്ടില്ല. ഹൂസ്സ്ടന്‍ എയര്‍ പോര്‍ട്ടില്‍ വന്നപ്പോള്‍ അവിടേയും അവര്‍ വിരലടയാളവും കൈപ്പത്തിയാടയാളവും ചെന്നയില്‍ ചെയ്തത്പോലെ എടുക്കുകയുണ്ടായി. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന അത്തരം രീതികള്‍ അവലബിച്ചാല്‍ നമുക്ക് നമ്മുടെ അജ്ജാത ജഡങ്ങളേയും തിരിച്ചറിയാന്‍ പറ്റും. അതിനുള്ള ഒരു പ്രൊജക്റ്റ് റിപ്പോര്‍ട്ട് അടിയന്ധിരമായി തയ്യാറാക്കുക. ദുബായിലും ഷാര്‍ജയിലും അമേരിക്കയിലുമെല്ലാം EYE TEST നടത്തുന്നുണ്ട്. അതും IDENTITY ക്ക് വേണ്ടിയാണ്.അതും നമുക്കൊന്ന് പരീക്ഷിച്ചുകൂടെ? മൂന്നുകോടിയില്‍ ഏറെ ജനങ്ങളെ അങ്ങനെ ചെയ്യുന്നതല്ലേ അവരില്‍ ചിലരെ അജ്ജാതജഡങ്ങളായി മറവുചെയ്യുന്നതിലും ഭേദം?
Sunday, February 20, 2011
From the Criminologist's Corner-29
ഉച്ചഭാഷിണി ശല്യം
ഇവിടെ ഉച്ചഭാഷിണികള്‍ ഇല്ലേ?- പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. വളരെ ദൂരം യാത്ര ചെയ്തീട്ടും വളരെയേറെ സ്ഥലങ്ങളില്‍ പോയീട്ടും ഉച്ചഭാഷിണികള്‍ മാത്രം കാണുന്നില്ല. ചില വീടുകളില്‍ അവര്‍ ‘മീഡിയ റും’ നിര്മിച്ചീട്ടുണ്ട്. പള്ളികളില്‍ ചെന്നാല്‍ വൈദീകന്‍റെ പ്രസംഗം നന്നായി കേള്‍ക്കാനായീട്ടുള്ള ‘സൌണ്ട് സിസ്റ്റം” കാണാം. തിയേറ്ററുകള്‍ക്ക് മുന്‍പില്‍ ചെന്നാലോ? നാട്ടിന്‍പുറങ്ങളില്‍ പാട്ട് വയ്ക്കുന്നത്പോലെയുള്ള കോലാഹലങ്ങള്‍ ഇല്ല.. ശബ്ദമാലിനീകരണം ഒട്ടുംതന്നെ ഇല്ല.
ഒരു തിരെഞ്ഞെടുപ്പിനോടനുബന്ധിച്ച് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ 60ല്‍ ഏറെ പെട്ടികള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി വച്ചുകെട്ടി പാട്ടും പാടിച്ച് സ്ഥനാര്തിക്കായി വോട്ട് പിടിക്കുന്നു. ഒരു പെട്ടിയില്‍ അഞ്ചും ആറും സൌണ്ട്ബോക്സ്‌കള്‍ വച്ചിരിക്കുന്നു.
ഒരു മതവിഭാഗത്തിന്‍റെ ദൈവാലയത്തില്‍ ഉത്സവത്തോട് അനുബന്ധിച്ച് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഉച്ചഭാഷണികള്‍ വച്ച് രാവിലെ നാല് മണിയോടെ തുടങ്ങുന്ന ശബ്ദകോലാഹലം അവസ്സാനിക്കുന്നതോ? രാത്രിയുള്ള കലാപരിപാടികള്‍ തീരുന്നതോടെ മറ്റൊരു മതവിഭാഗത്തിന്‍റെ ദേവാലയത്തിന് മുകളില്‍ വച്ചിരിക്കുന്ന പെട്ടിയുടെ ഉള്ളില്‍ കോളാബി ഉച്ചഭാഷിണി മറച്ച് വചീട്ട് ഏതാണ്ട് എല്ലാ ദിവസ്സങ്ങളിലും രാവിലെ ഭക്തിഗാനങ്ങള്‍ വച്ച് മനുഷ്യരെ ഉപദ്രവിക്കുന്നു! ഉത്സവപറമ്പിലേക്കും പള്ളിപ്പെരുന്നാളിന് അങ്ങാടിയിലേക്കും പോയാല്‍ ഉച്ചഭാഷിണിയിലൂടെയുള്ള പരസ്യങ്ങള്‍ മുതല്‍ പ്രാര്‍ത്ഥന വരെ കേള്‍ക്കാം.
രാഷ്ട്രിയപാര്‍ടികളുടെ ജില്ലാ- സംസ്ഥാന സമ്മേളനങ്ങളോട് അനുബന്ധിച്ച് റോഡിലുഉടെ മുദ്രാവാക്യം വിളിച്ച് പോകുന്ന അനുയായികളുടെ ബസുകള്‍, വാനുകള്‍, കാറുകള്‍,ജീപ്പുകള്‍, ലോറികള്‍- എല്ലാത്തിലും ഉച്ചഭാഷിണികള്‍ ആവശ്യത്തിലേറെ. ഒരര്‍ത്ഥത്തില്‍ ഉച്ചഭാഷിണികളുടെ മല്‍സര ഓട്ടം!
എന്തിനു? വിവാഹവീടുകളില്‍ നിന്നും കേള്‍ക്കുന്ന പാട്ടുകള്‍ ,മരണവീടുകളില്‍ നിന്നുമുള്ള പ്രാര്‍ത്ഥന –പ്രാര്‍ഥനാഗീതങ്ങള്‍, ശവസംസകാരച്ചടങ്ങില്‍ റോഡിലൂടെയുള്ള ഭക്തിഗാന ഒഴുകള്‍, ആന എഴുന്നുള്ളത്തിനും പ്രദക്ഷിണത്തിനുമുള്ള ഉച്ചഭാഷിണികളുടെ ദുരുപയോഗം. പരസ്യങ്ങള്‍ക്ക് വേണ്ടിയുള്ള അന്നൌന്‍സ്മെന്‍റുകള്‍,,വഴിയോരസമ്മേളനങ്ങള്‍ക്ക് മുന്‍പുള്ള ഉച്ചഭാഷിണി പാട്ടുകള്‍- പാരടി ഗാനങ്ങള്‍ ,വഴിയോരസമ്മേളനസമയത്തുള്ള ഗര്ജിക്കല്‍,വഴിയിലുള്ള മതപ്രസംഗങ്ങള്‍,ഓണാഘോഷസമയത്ത് ഇട്ടിരിക്കുന്ന പൂത്തറ പാട്ടുകള്‍, വാഹനത്തില്‍ സ്റ്റേജ് ഉണ്ടാക്കി നടത്തുന്ന രാഷ്ട്രിയവും അല്ലാത്തതുമായ പ്രഭാഷണങ്ങള്‍. എല്ലാം കൂടെ നോക്കുമ്പോള്‍ ‘ലൈറ്റ് ആന്‍ഡ് സൌണ്ട്’ വാടകക്ക്കൊടുക്കുന്നവര്‍ക്കെന്നും പൂക്കാലം; ഉത്സവമേളം!
പണ്ടൊക്കെ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന ചില പരിപാടികള്‍ക്കായി അച്ചടിച്ചിരുന്ന നോട്ടീസ്സുകളുടെ അടിയില്‍ ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ് എന്ന പ്രത്യേക അറിയിപ്പ് ഉണ്ടാകുമായിരുന്നു. ആ സ്ഥിതിയില്‍ നിന്നും നാം എത്രയൊ മുന്നോട്ട്പോയി ‘ഉച്ചഭാഷിണി’ ഉണ്ടായിരിക്കുന്നതല്ല എന്ന് അച്ചടിച്ച് നോട്ടീസ് വിതരണം ചെയ്യേണ്ട ഒരുതരം ദുര്‍ഗതി വന്നിരിക്കുന്നൂപോലും! കോടതികള്‍ വരെ വിലക്കിയിട്ടും മാധ്യമങ്ങള്‍ ഒച്ച വച്ചീട്ടും ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും എതിര്ത്തീട്ടും ഓരോ ദിവസം കഴിയുംതോറും ശക്തി കൂടുതല്‍ കൂടുതല്‍ ആര്‍ജിച്ച് മുന്നേറുന്ന ഉച്ചഭാഷിണി ശല്യത്തെ നിയന്ത്രിക്കാന്‍ എന്ത് ചെയ്യണം? നിയമങ്ങള്‍ ഉണ്ടാക്കി ഉച്ചഭാഷിണികള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് ശിക്ഷിപ്പിക്കുക-അതിനുള്ള ഇഛാശക്തി ഉണ്ടായാലേ നമ്മുടെ നാട്ടിലെ ശബ്ദശല്യം കുറയ്ക്കാനാകൂ .
Saturday, February 19, 2011
From the Criminologist’s Corner-28
പ്രകൃതിയോട് മല്ലടിക്കുന്ന ഒരു കൂട്ടം പച്ച മനുഷ്യര്‍!
കത്രീന, റീത്ത, അലെകസ് തുടങ്ങിയ ചുഴലിക്കാറ്റുകള്‍ അമേരിക്കയില്‍ ഉണ്ടെന്നു പണ്ട് കേട്ടപ്പോള്‍ അവ ഇത്ര ഭയ്യാനകമാണെന്ന് തോന്നിയിരുന്നില്ല. അത് പോകട്ടെ,ഇപ്പോള്‍ ഇവിടത്തെ മഞ്ഞുകാലം! അത് ഭയാനകം തന്നെ. വെളിയിലേക്ക് ഇറങ്ങാന്‍ പറ്റുന്നില്ല. ഇറങ്ങണമെങ്കില്‍ നൂറുതരം വസ്ത്രങ്ങള്‍ ധരിക്കണം. ഷൂസും കൈയുറകളും തൊപ്പിയും വേറെ. ഒന്ന് ടോയ് ലെറ്റില്‍ പോകണമെങ്കില്‍ ,ഈശൃരാ.....? കാറില്‍ പോകാമെന്ന് കരുതിയാല്‍ കാര്‍ കിടക്കുന്നിടം വരെ കാല്‍ വഴുതാതെ എത്താന്‍ പാടുപെടണം. എത്തിയാലോ? കാറിന്‍റെ മുകളില്‍ കിടക്കുന്ന ഐസ് മാറ്റി അത് ഓടിക്കാമെന്നതരത്തി ലാക്കണമെങ്കില്‍ ഒന്ന് രണ്ട് മണിക്കൂര്‍ അദ്ധൃാനിക്കണം. ഓടിക്കുമ്പോഴോ? റോഡില്‍ തെന്നിപോകാതെ സുക്ഷിക്കണം.ഇതാണ് ഈ കാലാവസ്ഥയിലെ കഷ്ടപ്പാടെങ്കില്‍ വേനല്‍ കാലത്തോ? ചുട്ടുപൊള്ളുന്ന സൂര്യതാപം. പ്രിക്രിതിയോട് മല്ലടിച്ച് കഴിയുന്ന ഒരു കൂട്ടം സമ്പന്നര്‍!
എന്നാല്‍, പ്രകൃതി അനുഗ്രഹിച്ച് തന്ന നമ്മുടെ നാട്ടിലോ? മനുഷ്യരോട് മല്ലടിച്ച്കഴിയേണ്ട ഗതികേടാണു നമുക്കുള്ളത്. ഒററകൈമാത്രം ഉള്ളവന്‍ ട്രയിനില്‍ പീഡിപ്പിച്ച സംഭവം,റെയില്‍വേ ട്രാക്കില്‍ പീഡിപ്പിച്ച സംഭവം, പിതാവ്തന്നെ പുത്രിയെ പീഡിപ്പിച്ചതിനു ശിക്ഷിക്കപെട്ട സംഭവം, 14 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം! ഇവയെല്ലാം ഇന്നത്തെ വാര്‍ത്തയില്‍ വായിച്ചു. സ്ത്രിപീഡനം,സ്ത്രിധന പീഡനം, വൃദ്ധജന പീഡനം,പുരുഷ പീഡനം,രാഷ്ട്രിയ പീഡനം, ഉദ്യോഗസ്ഥ പീഡനം, പോലീസിന്‍റെ പീഡനം,മതവിശ്വാസ പീഡനം, തീവ്രവാദികളുടെ പീഡനം, ഭര്‍തൃപീഡനം, ഭാര്യാപീഡനം,റോഡില്‍ പീഡനം,ബന്ദ് പീഡനം, ഹര്‍ത്താല്‍ പീഡനം, വില വര്‍ധനവ് കാരണം പീഡനം, വ്യാജന്മാരുടെ പീഡനം, മദ്യപരുടെ പീഡനം, സമരക്കാരുടെ പീഡനം, ജാഥാക്കാരുടെ പീഡനം,കോലം കത്തിക്കുന്നവരുടെ പീഡനം, ആനയെഴുന്നുള്ളത്ത് പീഡനം, ശൂലം കുത്തി പീഡനം, ശബ്ദമാലിനീകരണ പീഡനം, മാലിന്ന്യ നിക്ഷേപപീഡനം, കള്ളന്മാരുടെ പീഡനം, കമിതാക്കളുടെ പീഡനം- പ്രകൃതി പീഡിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ രൂക്ഷവും ക്രൂരവുമാണ് മനുഷ്യര്‍ മനുഷ്യര്‍ക്കെതിരെ നടത്തുന്ന ഇത്തരം പീഡനങ്ങള്‍!
വിശ്വസ്സിച്ചാലും ഇല്ലെങ്കിലും പീഡനങ്ങളുടെ കഥകളാണ് വാര്‍ത്താമാധ്യമങ്ങള്‍ നിറയെ. ജോലിചെയ്യുന്നിടത്ത് പീഡിപ്പിക്കുന്നു,ബസ്‌യാത്രക്കിടയില്‍ പീഡി പ്പിക്കുന്നു,ഫോണില്‍കുടി തെറിപറഞ്ഞ് പീഡിപ്പിക്കുന്നു,ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധകളെ പീഡിപ്പിക്കുന്നു,വെളിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താക്കന്മാരുടെ ഭാര്യമാരെ പീഡിപ്പിക്കുന്നു,അധ്യാപകര്‍ പീഡിപ്പിക്കുന്നു,അനാഥാലയത്തിലെ അന്തേവാസികളെ പീഡിപ്പിക്കുന്നു,ലോക്കപ്പില്‍ പീഡിപ്പിക്കുന്നു,ജയിലുകളില്‍ പീഡിപ്പിക്കുന്നു,ഗുണ്ടകള്‍ പീഡിപ്പിക്കുന്നു, പിരിവുകാര്‍ പീഡിപ്പിക്കുന്നു, വടകകൊലയാളികള്‍ പീഡിപ്പിക്കുന്നു,ബ്ലെയ്ടുപലിശക്കാര്‍ പീഡിപ്പിക്കുന്നു, വിധവകളെ പീഡിപ്പിക്കുന്നു, ഭക്തജനങ്ങളെ പീഡിപ്പിക്കുന്നു, രോഗികളെ പീഡിപ്പിക്കുന്നു,...പ്രകൃതിക്ഷോഭത്തെക്കാള്‍ കാഠിന്യം.കാരണം, അവ എന്നും നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നു. പ്രകൃതിക്ഷോഭാങ്ങളാവട്ടെ ചിലപ്പോള്‍ മാത്രം.
എല്ലാത്തരം പീഡനങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ ചെന്നാലോ? സര്‍ക്കാര്‍ ആഫീസില്‍ പീഡനം,കൈക്‌ുലി പീഡനം, അഴിമതി പീഡനം, ഫയല്‍ പ്‌ുഴ്ത്തിവച്ചുള്ള പീഡനം, കസേര ഒഴിഞ്ഞുകിടന്നുള്ള പീഡനം, ഇടനിലക്കാരുടെ പീഡനം,ഫയലില്‍ പീഡനം- അങ്ങനേയും ഉണ്ട് വേറെ പീഡനപ്പട്ടിക.
പീഡനങ്ങള്‍ പകര്‍ച്ചവ്യാധികലാണോ? ഇവ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ടോ? നിയമം മൂലം നിരോധിക്കാനാവുമോ? നിയമപാലകര്‍ക്ക് എന്ത് ചെയ്യാനാകും? പ്രകൃതിയുടെ പീഡനങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കനാവുമെങ്കില്‍ മനുഷ്യപീഡനങ്ങളെ നിയന്ത്രിക്കാന്‍ മനുഷ്യന്‍ തന്നെ തയ്യാറായാലേ പറ്റൂ..
Friday, February 18, 2011
From the Criminologist's Corner-26
From the Criminologist’s Corner-26
Account Criminal Justice
നെക്സസ് ബന്ധങ്ങളുടെ ആഴവും പരപ്പും
മഞ്ഞുകൊണ്ട് വെള്ളയായി തീര്‍ന്ന അര്‍ക്കന്‍സ. റോഡ് എവിടെയാണെന്നോ എങ്ങോട്ടാണെന്നോ മനസിലാക്കാന്‍ കഴിയുന്നില്ല.റോഡ് കാണാതെ ദിശ ശരിക്കും അറിയാതെ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ വഴിയില്‍ അപകടത്തില്‍ പെടുന്നു. വന്‍ട്രക്കുകള്‍ വരെ തലയും കീഴായി മറിഞ്ഞ്കിടക്കുന്നു. ഇത് കണ്ടപ്പോള്‍ തലേദിവസ്സത്തെ മലയാളം വാര്‍ത്തയെ പറ്റി ഓര്‍ത്ത്‌പോയി.
Legistature,Executive,Judiciary-ഇവയാണ് ജനാധിപത്യത്തിന്‍റെ അടിത്തറയെന്ന് വിശ്വസിക്കുന്നവരാണ് ജനാധിപത്യവാദികള്‍. NEXUS CRIME എന്നൊരു വിഭാഗം കുറ്റകൃത്യങ്ങളെ നിര്‍വചിച്ചതും കുറ്റകൃത്യശാസ്തത്തിനു നല്‍കിയതും ഞാനാനെന്നാണ് എന്‍റെ അവകാശവാദം. INDIAN POLICE and NEXUS CRIMES എന്ന പുസ്തകം ഞാന്‍ എഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ ‘പണം സമ്പാദനം’ എന്നൊരു ലക്‌ഷ്യത്തിന് വേണ്ടിയുണ്ടാക്കുന്ന ഒരു അവിശുദ്ധ കൂ ട്ടുകെട്ടു എന്ന ചിന്താഗതി ആയിരുന്നു Nexus Crimes എന്നതില്‍ ഞാന്‍ ഉള്‍കൊള്ളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്ന് തോന്നുന്നു. Legislatureഉം Executiveഉം Judiciaryഉം കുടി ഉണ്ടാക്കുന്ന ഒരുതരം അവിശുദ്ധകൂട്ടുകെട്ടില്‍ ജനാധിപത്യംതന്നെ തകരുകയല്ലേ എന്നൊരു തോന്നല്‍! പോലീസും പ്രോസക്കൂട്ടരും ജുഡിഷ്യല്‍ ഓഫീസ്സറും രാഷ്ട്രിയക്കാരും മുന്‍മന്ത്രിയും നിയമസഭാസാമാജികരുമെല്ലാം കുടി ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ടുക്കെട്ടില്‍ നീതി നിഷേധിക്കപ്പെടുന്നോ എന്നൊരു തോന്നല്‍!
ഒരു പെണ്ണ് കേസുമായി ബന്ധിച്ച് മലയാള മാധ്യമങ്ങളില്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ മുഴുവനും ശരിയാണെങ്കില്‍-ശരിയാകാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു-നാം മഞ്ഞുകൊണ്ട് വെള്ളയായി പോയ അര്‍ക്കന്‍സായിലെ കാണാന്‍പറ്റാത്ത റോഡിലൂടെ ദിശയേതെന്നറിയാതെ വന്‍ട്രക്കുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെപോലെ അപകടത്തിലേക്കു നീങ്ങുകയാണ് ചെയ്യുന്നത്. ട്രക്കുകള്‍ മറിഞ്ഞ്‌കിടക്കുന്നതുപോലെ നമ്മളും തലകുത്തിതാഴെ വീഴുമെന്നത് ഉറപ്പാണ്.
മഞ്ഞുരുകിത്തീരുമ്പോള്‍ തലകുത്തി മറിഞ്ഞ്‌കിടക്കുന്ന ട്രക്കുകളിലെ സാധനങ്ങള്‍ പറുക്കിയെടുക്കാം.പക്ഷെ,പലതും ഉപയോഗ്യശൂന്യമായിരിക്കും. ഏതാണ്ട് അതുപോലെ ലൈംഗീകാപവാദകേസിനെകുറിച്ചുള്ള ചര്‍ച്ചകള്‍ അധികം കഴിയാതെ നിലക്കും. എന്നാല്‍ ആ ചര്‍ച്ചകള്‍ക്കുള്ളില്‍ വന്ന കാര്യങ്ങള്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുവാനും ജനാധിപത്യത്തിന്‍റെ അടിത്തറ ഇളക്കുവാനും ഇടവരുത്തും.സംശയം വേണ്ട. Nexus Crimes ന്‍റെ വ്യാപ്തിയും ആഴവും കൂടുകയാണ്.രാഷ്ട്രിയ-ഉണ്ദ്യോഗസ്ഥ-ബിസ്സിനസ്സ് കൂട്ടുകെട്ടു എന്ന് വിളിച്ചത്പോലെ നിയമസമാജിക-ഉദ്യോഗസ്ഥ-നീതിന്യായ-രാഷ്ട്രിയ-അവിശുദ്ധ കൂ ട്ടുകെട്ട് എന്ന് പറയേണ്ടിവരുന്നു. ആദ്യത്തേതില്‍ പണം സംബാധിക്കുക എന്നതായിരുന്നു അവിശുദ്ധകൂട്ടുകെട്ടിന്‍റെ ഉദേശൃലക്ഷ്യമെങ്കില്‍ രണ്ടാമത്തേതില്‍ പണത്തോടൊപ്പം വേറെ പലതും നേടുകയെന്നതും ഉദേശൃലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. അവകളില്‍, അധികാരവും അധികാരദുര്‍വിനിയോഗവും താല്‍പ്പര്യങ്ങളും സ്വര്തതയുമെല്ലാം ഉണ്ട്.ഫലമോ?വര്‍ഷങ്ങളായി ജനാധിപത്യം പടുത്തുയര്‍ത്തിയ കൊട്ടാരത്തിന്‍റെ അധഃപതനം. അര്‍ക്കന്‍സായിലെ തലകീ ഴായി മറിഞ്ഞ ട്രക്കുകളെപോലെ എല്ലാം താറുമാറാകുന്ന സ്ഥിതിവിശേഷം!
From the Criminologist’s Corner-27
കറുപ്പും വെളുപ്പും
ഒന്നര അടി മഞ്ഞ് വീണ് വെള്ളപൂശിയ ഒരു പ്രദേശത്ത് ഇപ്പോള്‍ അന്തരീക്ഷതാപം -17ഡിഗ്രി സെല്‍ഷ്യസ്. മരം കോച്ചുന്ന മഞ്ഞ് എന്ന് നമ്മുടെ നാട്ടില്‍ പറയുന്നതിനേക്കാള്‍ തണുപ്പുള്ള അന്തരീക്ഷം..എപ്പാര്‍ട്ട്മെന്‍റിലെ ഗ്ലാസ് ജനലിനരുകില്‍ നില്‍ക്കുമ്പോള്‍ സൂര്യപ്രകാശത്തിന്‍റെ കിരണങ്ങലടിചുള്ള നല്ല ചൂട്. അതെങ്ങനെ എന്നറിയില്ല.പുരക്കകത്ത് ചൂട് തരുന്ന സൂര്യപ്രകാശം;പുരക്ക് പുറത്ത് മനുഷ്യരെ മരവിപ്പിച്ച് കൊല്ലുന്ന കടും തണുത്ത കാറ്റും മഞ്ഞും ഐസും . അതായത് "തണുപ്പും ചൂടും"
തണുത്ത ദിനങ്ങളില്‍ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് മുഷിഞ്ഞതിനാല്‍ വെളിയിലാവട്ടെ ഉച്ചയൂണു എന്ന് തീരുമാനിച്ച് ഒരു ചൈനീസ് റെസ്റ്റോരന്‍റില്‍ കയറി. അപ്പോളവിടെയിരിക്കുന്നൂ:"Sweet and Sour"- അതായത്,മാധുര്യവും ചവര്‍പ്പും. ആ ഭക്ഷണം കഴിക്കുന്ന ഒത്തിരിയാളുകളെ കണ്ടു. അവര്‍ ആസ്വദിച്ചു ഭക്ഷിക്കുന്നു. ഞങ്ങളത് വേണ്ടെന്നു വച്ചു. കാരണം? അത്തരം ഭക്ഷണം കഴിച്ചുള്ള പരിചയമില്ലല്ലോ നമുക്ക് നമ്മുടെ നാട്ടില്‍ .
നമ്മുടെ നാട്ടില്‍ "കറുപ്പും വെളിപ്പും"അതെല്ലാവര്‍ക്കും അറിയാം എന്താണെന്ന്. കാരണം., കള്ളനോട്ടുകള്‍- യാഥാര്‍ത്ഥ നോട്ടുകള്‍,കണ്ടെയ്‌നര്‍ പണം-അല്ലാത്ത പണം,ഹവാല പണം-ഹവാലയല്ലാത്ത പണം,കുഴല്‍ പണം –കുഴല്‍ അല്ലാത്ത പണം! കരിഞ്ചന്തകള്‍-ശരിയായ ചന്തകള്‍,പ്‌ുഴ്ത്തി വൈപ്പ് –അല്ലാത്ത വൈപ്പ്, കൃത്രിമ ക്ഷാമം-ശരിയായ ക്ഷാമം,പണമിരട്ടിപ്പ്,വ്യാജസ്വര്‍ണ പണയംവയ്ക്കല്‍,ബാങ്ക് തട്ടിപ്പ്, ഗ്യാസ് സിലിന്‍ഡറില്‍ നിന്നുള്ള ഗ്യാസ് ഊറ്റല്‍,ഉണര്‍വ് യോഗങ്ങള്‍, ഉന്മേഷപ്രാര്‍ത്ഥനകള്‍ അവക്കെല്ലാം എതിരെ നില്‍ക്കുന്ന യഥാര്‍ത്ഥ വസ്തുക്കള്‍! ജാതി തട്ടിപ്പ് ,തൊഴില്‍ തട്ടിപ്പ്,പലിശതട്ടിപ്പ്, തേക്ക്-ആട്-മാഞ്ചിയം,ഫ്ലാറ്റ് തട്ടിപ്പ്,റിസോര്‍ട്ട് തട്ടിപ്പ് ,സുഖവാസസ്ഥല തട്ടിപ്പ്, ഒളിക്യാമറ തട്ടിപ്പ്,ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് ,വിവാഹത്തട്ടിപ്പ്,വിവാഹാനന്തര തട്ടിപ്പുകള്‍- അങ്ങനെ പോകുന്നൂ മറ്റൊരു തട്ടിപ്പ് ശ്രംഘല. റിയാലിറ്റി ഷോ,മോഡലിഗ്,ടി.വി. അവതാരിക, ആല്‍ബനിര്‍മാണം,സീരിയല്‍-സിനിമ തട്ടിപ്പ്,പരീക്ഷയില്‍ തട്ടിപ്പ്,പരീക്ഷാ തട്ടിപ്പ്, ആള്‍ മാറാട്ട തട്ടിപ്പ്, മായം ചേര്‍ത്തുള്ള തട്ടിപ്പ്, ടാക്സില്‍ തട്ടിപ്പ്, ആശുപത്രിബില്ലില്‍ തട്ടിപ്പ്,മരുന്നില്‍ തട്ടിപ്പ്- അതും നാട്ടിലെ 'കറുപ്പിന്‍റെ മറ്റൊരു മുഖം. വിദ്യാഭ്യാസ തട്ടിപ്പ്,വിദ്യാലയങ്ങളിലെ തട്ടിപ്പുകള്‍, കോഴ തട്ടിപ്പ്, കോഴപ്പണത്തില്‍ തട്ടിപ്പ്,കേസ് എടുക്കുന്നതില്‍ തട്ടിപ്പ്,കേസ് എടുത്താല്‍ തട്ടിപ്പ്,വിധിന്യായത്തില്‍ തട്ടിപ്പ്,വിധിന്യായമെഴുത്തില്‍ തട്ടിപ്പ്,വിധി പറയുന്നതില്‍ തട്ടിപ്പ്,ജയിലില്‍ തട്ടിപ്പ്,ജയില്‍ വാസികളുടെ തട്ടിപ്പ്- അവയും തട്ടിപ്പുകള്‍ തന്നെ. യാത്രയില്‍ തട്ടിപ്പ്,യാത്രക്കൂലിയില്‍ തട്ടിപ്പ്,സ്വര്‍ണത്തില്‍ തട്ടിപ്പ്,സ്വര്‍ണക്കടയില്‍ തട്ടിപ്പ്,തുണിയില്‍ തട്ടിപ്പ്,തുണിക്കടയില്‍ തട്ടിപ്പ്-എന്നുവേണ്ട,മരണത്തിലും മരണശേഷവും തട്ടിപ്പ്.കറുപ്പുണ്ട്;വെളുപ്പെവിടെ? അതോ ,കറുപ്പുകൊണ്ട് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയില്‍ ആണോ?
ഈ പണം വെളുപ്പിക്കുന്നതിനെ വെളുപ്പെന്നു പറയാമോ? എല്ലാ കറുപ്പിനെതിരേയും വെളുപ്പുണ്ടോ? വെളുപ്പുണ്ടെന്നത് ഒരു പ്രകൃതി നിയമം.എന്നാല്‍, നമ്മുടെ നാട്ടില്‍ ആ പ്രകൃതിനിയാമത്തിന് പ്രസക്തിയില്ലാതെ വരുകയാണോ? തട്ടിപ്പിന്‍റെ ലോകത്ത് തട്ടിപ്പ് നടത്താതിരിക്കുന്നതാണ് ഏറ്റവും വലിയ തട്ടിപ്പ് എന്ന വാദഗതി ശരിവയ്ക്കുകയാണോ നമ്മുടെ നാട്ടില്‍? തട്ടിപ്പുകള്‍കിടയിലും" വെളുപ്പ്" കാണുന്നുവന്നതായിരിക്കാം നമുക്ക് മുന്നോട്ടു പോകുവാനുള്ള 'ഊര്‍ജം' എന്ന് കരുതട്ടെ?
Wednesday, February 16, 2011
From the Criminologist’s Corner-25
പ്രകൃതി കാണിക്കുന്ന കനിവ് ബന്ദ്/ഹര്‍ത്താലുകാര്‍ കണ്ടിരുന്നെങ്കില്‍ !
ചിലപ്പോള്‍ കണ്ണീച്ച പോലെ-ചിലപ്പോള്‍ പഞ്ചസാര തരികള്‍ വാരിവിതറിയ പോലെ- ചിലപ്പോള്‍ ചെരുപഞ്ഞികള്‍ പാറിപറക്കുന്നതുപോലെ-അപ്പൂപ്പന്‍ താടി പോലെ-ഇതാണ് ഞാന്‍ ഇന്നിവിടെ കാണുന്നത്. -16ഡിഗ്രി സെല്‍സിയസ് ആണ് അന്തരീക്ഷ താപം.ഒരാളേയും കാണാനില്ല; ഒരു വാഹനവും റോഡിലില്ല; സ്മശാന മൂകത; നമ്മുടെ നാട്ടിലെ ബന്ദ് പോലെ പ്രകൃതി പ്രഖ്യാപിക്കുന്ന ഒരു രാജ്യവ്യാപക ബന്ദ്. പക്ഷെ,ഒരു വ്യത്ത്യാസം മാത്രം. അക്രമങ്ങള്‍ ഇല്ല; അനിഷ്ട സംഭവങ്ങള്‍ ഇല്ല.; രാഷ്ട്രിയക്കാരുടെ വീരവാദങ്ങള്‍ ഇല്ല; പൊതുജനങ്ങളുടെ അസംതൃപ്തി ഇല്ല. 12"പൊക്കത്തില്‍ കിടക്കുന്ന മഞ്ഞ് കണ്‍നിറയെ കണ്ട് പലരും സന്തോഷിക്കുന്നു. കാരണം? എല്ലാ സ്ഥലത്തും അവധി പ്രഖൃാപിച്ചിരിക്കുന്നു; കടകമ്പോളങ്ങള്‍ തുറന്നീട്ടില്ല; ഐ.ടി.മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാം; ഒരല്പം കഴിക്കണമെന്നുള്ളവര്‍ക്ക് അതുമാകാം; സി.ഡി.ഇട്ടുകാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനേയും ആകാം; കുഞ്ഞുങ്ങളോടും ഭാര്യയോടും ഒപ്പം സമയം ചെലവഴിക്കാം. കേരളത്തില്‍ മുതല്‍ എടുക്കാന്‍ താല്പര്യം മുള്ള തല്‍പര്യകഷികള്‍ പ്രഖ്യാപിക്കുന്ന ബന്ദ്‌കള്‍-ഹര്‍ത്താലുകള്‍പോലെ ഇവിടെ പ്രകൃതി നിശ്ചയിക്കുന്ന 'മഞ്ഞുവീഴ്ചദിനങ്ങള്‍'!!!
പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച കേരളത്തില്‍ എന്തിനീ ബന്ദ്‌കള്‍? ബന്ദിനെതിരെ ബന്ദ് പ്രഖ്യാപിക്കുന്ന സ്ഥിതിവിശേഷം! സംസ്ഥാനബന്ദ് മുതല്‍ കുടുംബത്തിനുള്ളില്‍ വരെ ബന്ദ് നടത്തുന്നത്കണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ കോടതിയില്‍ നിന്ന് ബന്ദ് നിരോധിച്ചുള്ള ഉത്തരവ് വന്നപ്പോള്‍ ആഹ്ലാദഭരിതരായി. പക്ഷെ, അത് അധികം നാള്‍ നീണ്ടുനിന്നില്ല. അത് ഹര്‍ത്താല്‍ ആയി മാറി. കോടതികള്‍ നിസഹായരായി നോക്കിനിന്നു. സര്‍ക്കാര്‍ വരെ സ്പോന്‍സോര്‍ചെയ്യുന്ന ഹര്‍ത്താലുകള്‍! സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹര്‍ത്താല്‍ നടത്തുന്ന സ്ഥിതിവിശേഷം! ആര്‍ക്കുവേണ്ടി? എന്തിനു വേണ്ടി? ജനങ്ങളുടെ വികാരപ്രകടനം എന്ന് പേര്; രാഷ്ട്രിയകാരുടെയും തല്‍പരകക്ഷികളുടെയും സ്വാര്‍ത്ഥനേട്ടം മാത്രം ലക്‌ഷ്യം. ഈര്‍ക്കിളികള്‍ വരെ അത് മുതലാക്കുന്നു. ജനം വിഡ്ഢികളെ പോലെ നോക്കിനിന്ന് സഹിക്കുന്നു. ഇതാണോ ജനാധിപത്യം?
ബന്ദിനെതിരെ ധര്‍ണ നടത്തുന്നു; ബന്ദിനെതിരെ സത്യഗ്രഹം!; ബന്ദിനെതിരെ സമരം! അവയുടെ നടുവില്‍ ബന്ദ് നടത്തുന്നവര്‍ വരുത്തികൂട്ടുന്ന നാശനഷ്ടങ്ങള്‍ക്കും പണനഷ്ടത്തിനും കണക്കുണ്ടോ? നഷ്ടങ്ങള്‍ നികത്താന്‍ പൊതുജനങ്ങളെ പിഴിയുന്നു. വിലകയറ്റം ഉണ്ടായാല്‍ അതിനെതിരേയും ബന്ദാകാം. വീണ്ടും നാശനഷ്ടങ്ങള്‍-ജനങ്ങളെ പിഴിയല്‍-ബന്ദ്‌പ്രഖൃാപിക്കല്‍! ഇങ്ങനെ ഒരു വിഷമവൃത്തത്തിലാണ് മലയാളികള്‍.ഒരു വര്ഷം ഇരുന്നൂറും മുന്നൂറും ഹര്‍ത്താലുകള്‍! കോടിക്കണക്കിനു ഉറുപ്പികയുടെ നഷ്ടം! രാഷ്ട്രിയനേട്ടം! വോട്ടുബാങ്ക്! തല്‍പരകക്ഷികള്‍ക്ക് ആഹ്ലാദം! പൊതുജനം കഷ്ടപ്പാടില്‍!. നാളിതുവരെ നമ്മുടെ നാട്ടില്‍ നടത്തിയ ബന്ദ് കൊണ്ടും ഹര്‍ത്താല്‍ കൊണ്ടും എന്ത് നേട്ടം ഉണ്ടാക്കാനായി? പല ദശകങ്ങളായി കേരളത്തില്‍ നടന്ന്‌വരുന്ന ബന്ദുകളുടെ/ ഹര്‍ത്താലുകളുടെ എണ്ണം പോലീസ് രേഖകളില്‍ കാണാം. നേട്ടങ്ങള്‍ ശൂന്യം- കോട്ടങ്ങള്‍ ഏറേ. ഇതാണെന്‍റെ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. ഒരു ഹര്‍ത്താല്‍ കഴിഞ്ഞാല്‍ ആളുകള്‍ അത് മറക്കാന്‍ ശ്രമിക്കുന്നു; അടുത്തതിനായി കാത്തിരിക്കുന്നു. ഒരു ടെലിവിഷന്‍ മെഗാ സീരിയല്‍ പോലെ ആ പരമ്പര അങ്ങനെ തുടര്‍ന്ന് പോകുമ്പോഴും പ്രകൃതി ചോതിക്കുന്ന ഒരു ചോദ്യമുണ്ട് .പ്രകൃതികൂടി കനിഞ്ഞില്ലായിരുന്നെങ്കില്‍ സംസ്ഥാനത്ത്‌ണ്ടാകുന്ന നഷ്ടം എത്രയായിരിക്കുമെന്ന്! പ്രകൃതി സംസ്ഥാനത്തോട് കാണിക്കുന്ന കനിവ് ബന്ദ് /ഹര്‍ത്താല്‍ പ്രഖൃാപിക്കുന്ന തല്‍പര കക്ഷികള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന്!!!!
From the Criminologist’s Corner-24
വിവാഹത്തില്‍ വഞ്ചിതരാവാതിരിക്കാന്‍
അമേരിക്കയില്‍ വിവാഹങ്ങള്‍ക്ക് നിയമസാധുത- അതവര്‍ക്ക് നിര്‍ബന്ധമാണ്. കാരണം,എങ്ങാനും വിവാഹമോചനത്തില്‍ കലാശിച്ചാല്‍ നിയമാനുസൃതമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ വിവാഹത്തിന് നിയമസാധുത അനിവാര്യമാണ്. മനുഷ്യാവകാശ രേഖകളിലും നിയമപുസ്ഥകത്തിലും വിവാഹം രാജിസ്റെര്‍ ചെയ്തിരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലത് വ്യാപകമല്ല. കാരണം? അങ്ങനെ ചെയയ്യുന്നത് ഏതാണ്ടു വലിയൊരു അപരാധമാണെന്ന തെറ്റിധാരണ വളരെയേറെപ്പേര്‍ വച്ചുപുലര്‍ത്തുന്നു.
ഹിന്ദുക്കള്‍ക്കും മുസ്ലിമുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെല്ലാം മതാചാര്യപ്രകാരം നിയമസാധുതയുള്ള വിവാഹംചെയ്യാന്‍ സഹായിക്കുന്ന നിയമങ്ങള്‍ ഉള്ള നാടാണ് കേരളം,ഭാരതം. എന്നിരിക്കിലും,മതാചാരപ്രകാരമല്ലാത്ത രീതിയില്‍ പുരുഷനും സ്ത്രിയും തമ്മില്‍ മാല പരസ്പരം കഴുത്തില്‍ ഇട്ട്, അഥവാ ഒരല്പം കുങ്കുമം നെറ്റിയിലിട്ട് നടത്തുന്ന വിവാഹങ്ങളും നിരക്ഷരായവരുടെ ഇടയില്‍ ഇപ്പോഴും നടക്കുന്നുണ്ട്. അമ്പതു ഉറുപ്പിക വിലയുള്ള ഒരു മുദ്രപ്പത്രം വാങ്ങി അതില്‍ വിവാഹിതരായി എന്നെഴുതി സബ്-രെജിസ്ടാര്‍ ഓഫീസില്‍ കൊണ്ടുവന്ന് രെജിസ്റെര്‍ ആക്കിയശേഷം "ഞങ്ങളുടെ വിവാഹം രെജിസ്റ്റര്‍ ചെയ്തതാണ്" എന്ന അവകാശവാദം മുഴക്കുന്നവരുണ്ട്. അങ്ങനെ ചെയ്യുന്നതിനോന്നും നിയമസാധുത കിട്ടുകയില്ലെന്നു അറിയാത്തവരാണവര്‍.പത്തും പതിനഞ്ചും വര്‍ഷമായി അങ്ങനെ മുദ്രപത്രവിവാഹം ചെയ്തു കുട്ടികളുമായി ജീവിക്കുന്നവരെ കണ്ടീട്ടുണ്ട്. മിശ്രവിവാഹങ്ങളെ ചിലരെങ്കിലും പ്രോത്സാഹിപ്പിക്കുന്ന നാടാണ് കേരളം.പത്ത് ലക്ഷത്തിലേറെപേര്‍ മിശ്രവിവാഹിതരാനെന്നും പറയപ്പെടുന്നു. പെട്ടെന്ന് വിവാഹം ചെയ്തുജീവിക്കാന്‍ ഒളിച്ചോടിപ്പോകുന്ന കാമുകീ-കാമുകന്മാരും അവലംഭിക്കുന്നതും ഇത്തരത്തിലുള്ള മുദ്രകല്യാണങ്ങളാണെന്ന് കാണാം.പക്ഷെ,പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍-വിവാഹമോചനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുംബോള്‍- മരണപെട്ടുപോയാല്‍-നിയമസാധുത ഇല്ലാത്ത വിവാഹമാണ് ചെയ്തിരിക്കുന്നതെങ്കില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥാവിശേഷം ഉണ്ടാവുന്നു. "കൂടെ പാര്‍ത്തതുകൊണ്ട് ഭാര്യയാവില്ലല്ലോ" എന്ന മട്ടില്‍ പുരുഷന്‍റെ സ്വന്തക്കാര്‍ സ്വത്തിനുള്ള അവകാശവാദവുമായി എത്തിയെന്നിരിക്കും. അക്കാരണത്താല്‍, എല്ലാവരും സ്പെഷ്യല്‍ മാരിയേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരാവുകയാണ് ഏറ്റവും അഭിലക്ഷനീയം.മതാചാരപ്രകാരം വിവാഹിതരാണെങ്കിലും സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം ഒരിക്കല്‍കുടി വിവാഹം ചെയ്യുന്നത് അത്യുത്തമമാണ്.മരണപെട്ടാല്‍,പെന്‍ഷന്‍ പറ്റിയശേഷം മരിച്ചുപോയാല്‍,വിവാഹമോചനം നടത്തിയാല്‍ ഭാര്യക്കുള്ള അവകാശങ്ങള്‍ പൂര്‍ണമായി നേടിയെടുക്കാന്‍ അങ്ങനെ ചെയയ്യുന്നത് ഏറ്റവും നല്ലതാണ്. വിദേശരാജ്യങ്ങളിലേക്ക് ഭാര്യയായി പോകാനും അവിടെ ഭര്‍ത്താവിനോടോത്ത് ജീവിക്കാനും അങ്ങനെ രജിസ്റ്റര്‍ ചെയ്ത വിവാഹിതര്‍ക്ക് എളുപ്പമാണെന്ന് ഓര്‍ക്കുക. മതാചാരപ്രകാരം വിവാഹം നടത്തിയശേഷം പഞ്ചായത്തിലോ മുന്‍സിപ്പാലിറ്റിയിലോ വിവാഹം രെജിസ്റെര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാത്ത രാജ്യങ്ങള്‍ ഉണ്ട്.അവിടെ സ്പെഷ്യല്‍ മാരിയെജ് ആക്റ്റ് പ്രകാരം വിവാഹിതരായതിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതാണ്.വിവാഹത്തില്‍ വഞ്ചിതരാവാതിരിക്കാന്‍ സൂക്ഷിക്കുക-അതിനായി പുരുഷന്മാരേക്കാള്‍ നിര്‍ബ്ബന്ധം സ്ത്രികള്‍ക്ക് വേണംതാനും.
No comments:
Post a Comment