എസ്കലേറ്റര്‍ പറഞ്ഞ സത്യം
ദുബായ് വിമാനത്താവളത്തില്‍ വച്ചൊരു അനുഭവം ഉണ്ടായി.വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പായി നടത്തുന്ന സുരക്ഷാ പരിശോധനക്ക് ശേഷം ഒരു എസ്കലെട്ടറിലൂടെ താഴോട്ടിറഞ്ഞിവേണം അമേരിക്കയിലേക്കുള്ള വിമാനത്തില്‍ കയറാന്‍. താഴെ ചെന്നപ്പോള്‍ ഒരു കാര്യം ശ്റദ്ധയില്‍ പെട്ടു. ഞങ്ങളുടെ പ്രധാനപെട്ട ഒരു ബാഗ് മുകളില്‍ മറന്ന് വച്ചിരിക്കുകയാണെന്ന്. താഴെക്കിറങ്ങിയ എസ്കലെട്ടറില്‍ കൂടി മുകളിലേക്ക് കയറാം എന്ന ഒരു വിഡ്ഢി തോന്നല്‍ എന്‍റെ മനസ്സില്‍ ഉദിച്ചു. എന്തിനധികം? അങ്ങനെ മുകളിലേക്ക് പോകാന്‍ ഞാന്‍ പഠിച്ച പണി പനിനെട്ടും പയറ്റിയിട്ടും രക്ഷയില്ല. മുകളിലേക്ക് കയറുംതോറും ഞാന്‍ താഴേക്ക് ഇറങ്ങുന്നു. എനിക്കതൊട്ടും മനസ്സിലാകുന്നുമില്ല. മുകളില്‍ നില്‍ക്കുന്നവര്‍ക്ക് ഞാന്‍ കാണിക്കുന്ന ‘വിഫല’ ശ്റമതത്തിനന്‍റെ അര്‍ത്ഥം മനസ്സിലാകുന്നുമില്ല. അവരെല്ലാം “എന്തുപറ്റി” എന്ന ചോദ്യം ചോദിക്കുന്നതുപോലെ എന്നെത്തന്നെ നോക്കിനിന്നു.
ഇതെഴുതാനൊരു കാരണവും ഉണ്ട്. ഒരു കേന്ദ്രമാന്ത്രി ഇന്ന് കേരളത്തില്‍ വന്ന് പറയുന്നു: “കേരള വികസ്സനം നാരായണത്തുഭ്രാന്തന്‍ മോഡല്‍ ആണെന്ന്”. ശ രിയാണ്. കാരണം, വികസിച്ച് വികസിച്ച് ഒരു നിലയില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന/ഉണ്ടാക്കുന്ന നശ്ശീകരണ പ്രവര്‍ത്തികള്‍ വീണ്ടും നമ്മളെ പഴയ തലത്തിലേക്ക് കൊണ്ടുപോകുന്നു. വൈദുതി വകുപ്പിലെ തൊഴിലാളികള്‍ നടത്തിയ ഒരു സമരത്തില്‍ തകര്‍ക്കപ്പെട്ട ടവറുകള്‍, പവര്‍ ലൈനുകള്‍ പിന്നീട് നന്നാക്കി പഴയ രൂപത്തില്‍ ആക്കാന്‍ പണവും കാലവും ഏറെ വേണ്ടിവന്നു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ നടത്തുന്ന സമരങ്ങളില്‍ തകര്‍ക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് കൈയും കണക്കുമില്ല. എന്തിനധികം? സ്വാശ്രയ കോളേജ് സമരത്തോട് അനുബന്ധിച്ച് തകര്‍ക്കപ്പെട്ട വസ്തുവകകള്‍ക്ക് കണക്കുണ്ടോ? സര്‍ക്കാര്‍ വസ്തുവകകള്‍ നശ്ശിപ്പിക്കുന്നു; സര്‍വകലാശ്ശാലകള്‍ എറിഞ്ഞ്തകര്‍ക്കുന്നു; വാഹനങ്ങള്‍ കത്തിക്കുന്നു-ഏതാണ്ട് എല്ലാത്തിനും പരിഹാരമായി നശ്ശീകരണം ആണ് നമ്മുടെ ആയുധം.
അത് ഒരുതരം പാബും ഗോവണിയും കളിയാണ്.ഗോവണി വഴി കയറി കയറി ചെല്ലുമ്പോള്‍ പാബ് വിഴുങ്ങി വീണ്ടും തുടങ്ങിയ സ്ഥലത്ത്- അല്ലെങ്കില്‍ അതിലും താഴെ ചെന്ന് വീഴുക. കേന്ദ്രമന്ത്രി പറഞ്ഞതുപോലെ ‘കല്ലുരുട്ടി മലക്ക് മുകളില്‍ എത്തിക്കുക,എന്നീട് അത് തള്ളി ഉരുട്ടി താഴെയിട്ട് കൈയും കൊട്ടി ചിരിക്കുക.’-ഇതാണ് നാരായണത്ത്ഭ്രാന്തന്‍ വികസ്സനം. കേരളത്തില്‍ ഏത് മേഖലയിലാണ് അസൂയ ഉണ്ടാക്കുംവിധത്തിലുള്ള വികസ്സനം ഉണ്ടായത്? വിദ്യാഭ്യാസ്സത്തില്‍ നമ്മള്‍ വികസ്സിച്ചുവെന്ന് നാം അവകാശ്ശപെടുമ്പോള്‍ നമുക്കൊന്ന് ചുറ്റും കണ്ണോടിക്കാം. അമേരിക്കയില്‍ ഐ.ടി.വിഭാഗത്തില്‍ ജോലിചെയ്യുന്ന ആന്ധ്രപ്രദേശ്കാര്‍ അനെകായിരമാണ്.ഗുജറാത്തികള്‍-തമിഴര്‍-അവരും ധാരാളം. അവര്‍ക്കിടയില്‍ അവിടേയും ഇവിടേയും ഓരോ മലയാളികള്‍. അവരും H-1B Visa യില്‍ പണിയെടുക്കുന്നവര്‍! ഗള്‍ഫില്‍ പോയാലോ? കുറെ പണിക്കാര്‍ കേരളത്തില്‍ നിന്നും കാണാം.അതല്ലാതെ എത്ര പ്രോഫെഷനലുകള്‍ ഉണ്ട്? കേരളത്തില്‍ ഇപ്പോഴും പ്രൊഫെഷണല്‍ കോളെജുകള്‍ക്ക് നേരെ കല്ലെറിയുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ അവ അധികമായി സ്ഥാപിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്ധ്രയില്‍ നൂറുകണക്കിന് പ്രൊഫെഷണല്‍ കോളേജുകള്‍ സ്ഥാപിച്ചത് തന്നെയാണ് പല രാജ്യങ്ങളിലും തെലുങ്ക് ഭാഷ സംസാരിക്കുന്നവര്‍ അധികമായി കാണുന്നതിന്‍റെ കാരണവും.
ഇന്ത്യയില്‍ ഏറ്റവും ആദ്യം ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് കേരളത്തില്‍ ആണെങ്കിലും ആ മേഖലയില്‍ വളര്‍ന്ന് വലുതായത് തമിഴ്‌നാട്ടുകാരും തെലുങ്ക് ഭാഷ സംസാരിക്കുന്നവരും കര്‍ണാടക-പൂന നിവാസ്സികളുമാണെന്ന കാര്യം ഇനിയും രഹസ്യമായി വയ്ക്കുന്നതില്‍ അര്‍ത്ഥമില്ല..എസ്കലെട്ടരില്‍ കൂടി താഴെക്കിറങ്ങിയാല്‍ അതിലൂടെതന്നെ മുകളിലേക്ക് കയറാന്‍ പറ്റില്ലെന്ന് ഓര്‍ക്കുക. അതിന് വേറെ വഴി നോക്കണം. ഈ നാരായണത്ത്ഭ്രാന്തന്‍ വികസ്സനം –പാബും ഗോവണിയും കളി അവസാനിപ്പിക്കുക. നശ്ശീകരണ ചിന്താഗതിക്ക് അരുതിവരുത്തുക.
Monday, March 7, 2011
From the Criminologist’s Corner-44
Account Criminal Justice
അട്ടിമറി എന്ന തീവെട്ടിക്കൊള്ള
“അട്ടിമറി” എന്ന ,മലയാളം വാക്ക് ഇംഗ്ളിഷ് നിഘണ്ടുവില്‍ ഉണ്ടെന്ന് ഒരു സുഹ്രുത്ത് എന്നോട് പറഞ്ഞു. നല്ലകാര്യം എന്നോര്‍ത്ത് ഞാന്‍ പല നിഘണ്ടുകളിലും നോക്കിയെങ്കിലും ആ വാക്ക് കണ്ടെത്താന്‍ ആയില്ല. ഞാന്‍ പോയീട്ടുള്ള പല സ്ഥലങ്ങളിലും “അത്” ഉണ്ടോയെന്നു അന്യേഷിച്ചുവെങ്കിലും കണ്ടെത്താന്‍ ആയില്ല. ഒരു കൂട്ടം ‘തൊഴിലാളികള്‍’ [എന്നവകാശപ്പെടുന്നവര്‍] അവരുടെ രാഷ്ട്രീയ ചായ്‌വ് കാണിക്കുന്ന നിറത്തിലുള്ള ഒരുതരം ഷര്‍ട്ടും ധരിച്ച് ചരക്കിരക്കാന്‍ അമിത കൂലി ആളുകളെ ഭയപ്പെടുത്തി – അവരുടെ നിസ്സഹായതയെ ചൂഷണം ചെയ്തു ഈടാക്കുന്ന ഒരുതരം തീവെട്ടിക്കൊള്ളയെ എനിക്കെങ്ങും കാണാന്‍ കഴിഞ്ഞില്ല. ലോകത്ത് ഒരിടത്തും വീട്ടുസാധനങ്ങള്‍ ഇറക്കുന്നിടത്ത് ചെന്നാലും ചരക്കിറക്കുന്ന മറ്റെവിടെ ചെന്നാലും നാം കാണാത്ത ഈ ‘അട്ടിമറി’ സംസ്കാരം കേരളത്തില്‍ ഉദയം ചെയ്തതിന്‍റെ പിന്നില്‍ പല കഥകളും ചരിത്ര സത്യങ്ങളും ഉണ്ടായിരിക്കാം.
തിരുവല്ലായില്‍ കുറെ കന്യാസ്ത്രീകള്‍ ഗ്രാനൈറ്റ് സ്ലാബുകള്‍ ഇറക്കുന്നതിന്‍റെ ഫോട്ടോ ഇന്നത്തെ ഇന്റര്‍നെറ്റ് പത്രത്തില്‍ കണ്ടു. കുറച്ച് ഗ്രാനൈറ്റ് ഇറക്കാന്‍ ആദ്യം 3000ഉറുപ്പിക തൊഴിലാളികള്‍ ആവശ്യപ്പെട്ടെന്നും പിന്നീടത് 2000 ആക്കി കുറച്ചുവെന്നും- കന്യാസ്തീകള്‍ 1000 ഉറുപ്പിക കൊടുക്കാന്‍ തയ്യാറായിരുന്നുവെന്നുമായിരുന്നു വാര്‍ത്ത. അതില്‍ ത്രപ്തരാകാത്ത തൊഴിലാളികള്‍ കോപം കൊണ്ട് കലിതുള്ളിയെന്നും അതിനാലാണ് കന്യാസ്തികള്‍ തന്നെ ഗ്രാനൈറ്റ് ഇറക്കാന്‍ മുതിര്‍ന്നതെന്നുമുണ്ടായിരുന്നു വാര്‍ത്തയില്‍. ഒരു സ്ലാബ് ഇറക്കാന്‍ കന്യാസ്തികള്‍ക്ക് കഴിഞ്ഞില്ലായെന്നും അതിനാല്‍ അത് തിരിച്ച് കൊണ്ടുപോയിയെന്നും വാര്‍ത്തയില്‍ വായിച്ചു. രാത്രിയെങ്ങാനും ആ സ്ലാബു ഇറക്കാന്‍ ആരെങ്കിലും വന്നാല്‍ ആ വണ്ടി കത്തിച്ച് കളയുമെന്ന ഒരു ഭീഷണി മുഴക്കികൊണ്ടാണ് ‘തൊഴിലാളികള്‍’ സ്ഥലം വിട്ടതെന്നും അറിയാന്‍ കഴിഞ്ഞു. ഈ വാര്‍ത്തയെ കുറിച്ച് അമേരിക്കക്കാരായവര്‍ക്ക് പ്രിതികരിക്കാന്‍ കഴിഞ്ഞില്ല. കാരണം? എത്ര വിവരിച്ചീട്ടും അവര്‍ക്ക് ‘അട്ടിമാറി’ എന്താണെന്ന് മനസ്സിലാകുന്നില്ല. “നോക്കുകൂലിയോ”?അതവര്‍ക്ക് ഒട്ടും മനസ്സിലാവില്ല.
തൊഴില്‍ ചെയ്യുന്നവനാണ് തൊഴിലാളി; അതല്ലാതെ, ഭീഷണി മുഴക്കി-മനുഷ്യരെ മുള്‍മുനയില്‍ നിര്‍ത്തി- ഭയപ്പെടുത്തി അചിന്ത്യവ്യമാം വിധത്തില്‍ അമിത തുക കൂലി വാങ്ങി ചരക്കിരക്കുന്നവരെ തൊഴിലാളികള്‍ എന്ന് വിളിക്കുന്നത് തന്നെ യഥാര്‍ഥത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളെ അപഹാസ്സ്യരാക്കുന്നതിനു-അപമാനിക്കുന്നതിനു തുല്യമാണ്. ഡല്‍ഹിയില്‍ 275ഉറുപ്പിക കൊടുത്ത് കയറ്റിയ ഒരു സാധനം ഇറക്കുന്നതിനായി തിരുവനന്തപുരത്ത് 3500ഉറുപ്പിക കൊടുക്കേണ്ടതായി വന്നുവെന്നുപറഞ്ഞാല്‍ അത് അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ, സത്യമാതാണ്. ഒരിക്കല്‍ dacoityക്ക്[അതായത്, കൊള്ള ചെയ്തതിന്] കേസ് എടുത്ത് ബഹുമാനപ്പെട്ട തൊഴിലാളികളെ ശിക്ഷിപ്പിച്ച സംഭവവും ഉണ്ടായീട്ടുണ്ട്. രാഷ്ട്രീയ പിന്‍ബലത്തോടെ ചെയ്യുന്ന ഇത്തരം തീവെട്ടിക്കൊള്ളയെ കയ്യും കെട്ടി നോക്കിക്കാനാനേ നിയമപാലകര്‍ക്കും ഭരണാധികാരികള്‍ക്കും കഴിയുന്നുള്ളൂ എന്നതാണ് ഏറെ പരിതാപകരം.
ചുമട്ടുതൊഴിലാളി നിയമവും വേതനഘടനയും രസീത് കൊടുക്കലും അംഗീകൃത ചരക്കിരക്ക് സംഘടനകളും അവ നടപ്പാക്കുവാനുള്ള അധികാരികളും മാധ്യമങ്ങളും –എല്ലാം ആവശൃത്തിലേറെയുള്ള ഒരു നാട്ടില്‍ നടക്കുന്ന ഇത്തരം ‘കഴുത്തറപ്പന്‍’ തോന്ന്യാസ്സ്യങ്ങളെ ചെറുക്കന്‍ അവതാരപുരുഷന്മാര്‍ ആവശ്യമായി വന്നേക്കാം. അത്തരത്തിലുള്ളൊരു ‘രക്ഷകനെ’ പ്രതീക്ഷിച്ച് കഴിയുകയാണ് മലയാളികളില്‍ നല്ലൊരു വിഭാഗം. ലോകത്തെങ്ങും ഇല്ലാത്ത ഈ ‘അട്ടിമറി’ സംസ്കാരത്തെ പുണര്‍ന്ന്‍-പരിപോഷിപ്പിച്ച്-വളര്‍ത്തി വലുതാക്കി-നേതാവ് കളിക്കുന്ന രാഷ്ട്രീയക്കാര്‍ ഉള്ളടത്തോളം കാലം നാം രക്ഷ പെടില്ല. എല്ലാം വോട്ട് ബാങ്ക്-അതില്‍ എല്ലാ തെമ്മാടിത്തരങ്ങളും ന്യായീകരിക്കപ്പെടുന്നൂ!
“
Sunday, March 6, 2011
From the Criminologist's Corner-43
From the Criminologist’s Corner-43
Account Criminal Justice
കാലം തെറ്റി വിധിക്കുന്ന കഠിന ജെയില്‍ ശിക്ഷ ശവദാഹത്തിന് വേണ്ടിയാണോ?
1986ല്‍ ഞാന്‍ അമേരിക്കയില്‍ കണ്ട പലതും ഇപ്പോള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട് എന്ന് പറയാന്‍ പറ്റുന്നില്ല. ഒന്നും ഓര്‍മിക്കാന്‍ പറ്റുന്നില്ല; ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നുമില്ല. അന്ന് കണ്ടവരില്‍ ചിലരെ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളു. പലരും മരിച്ച്ചുപോയി.ജീവിച്ചിരിക്കുന്നവര്‍ തന്നെ വയസ്സികളും വയസ്സന്മാരും ആയി മാറിയിരിക്കുന്നു. അങ്ങനെ ചിന്തിക്കുമ്പോഴാണ് മലയാളം ടെലിവിഷനില്‍ ഒരു വാര്‍ത്ത കേട്ടത്.കേരളത്തിലെ ഒരു മുന്‍ വൈദുതി മന്ത്രിയെ ആദ്യേഹത്തിന്‍റെ 76-)o വയസ്സില്‍ പല ദശകങ്ങള്‍ കഴിഞ്ഞൊരു കേസ്സില്‍ ഒരുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നുവെന്ന്. കുറച്ച് ദിവസ്സം മുന്‍പ്, 40 വര്‍ഷം മുന്‍പ് നടന്ന മറ്റൊരു കേസ്സില്‍ ഒരു ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ ജീവപര്യന്തം ജെയില്‍ ശിക്ഷക്ക് വിധിച്ചത്രേ
ഈശ്വരാ! കേസ്സുകളുടെ മെരിട്ടിലേക്കൊന്നും ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. നമ്മുടെ നീതിനിര്‍വഹണ സംവിധാനത്തിന്‍റെ പുരാവസ്തുഗവേഷണതാല്‍പ്പര്യത്തെ ക്കുറിച്ച് വെറുതെ ഒരു നിമിഷം ചിന്തിച്ച്പോയി. നാല്‍പത് വര്‍ഷത്തിന് ശേഷം ഒരു പോലിസ് ഉദ്യോഗസ്ഥന്‍,നേരത്തെ സൂചിപ്പിച്ചത്പോലെ, അദ്ദേഹത്തിന്‍റെ 76-oവയസ്സില്‍ ശിക്ഷിക്കപ്പെട്ടു. നീണ്ട 17വര്‍ഷം കഴിഞ്ഞീട്ടും അഭയാ കേസ്സിന്‍റെ വിചാരണ എങ്ങും എത്താതെ നില്‍ക്കുന്നു. നാര്‍കോ ടെസ്റ്റിന്‍റെ പ്രസക്തിയെക്കുറിച്ച് ഇപ്പോഴും ചര്‍ച്ച നടക്കുന്നു. 15വര്‍ഷത്തിനുശേഷം ഐസ്ക്രിം കേസ് വീണ്ടും പൊന്തിവന്നിരിക്കുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ വരെ വിമര്‍ശിക്കപ്പെടുന്നു.ചില പ്രതികള്‍ക്കെതിരെ കേസ് എടുത്ത് എ.ഡി.ജി.പി.യുടെ നേതൃത്ത്വത്തില്‍ അനേഷണം നടക്കുന്നു. ജലസേചന മന്ത്രിയായിരുന്ന മറ്റൊരു വ്യക്തിയുടെ പേരിലും കേസ്. ഇനിയും പലരും ജെയിലില്‍ പോകുമെന്നും മുഖ്യമന്ത്രി വരെ പ്രസ്താവന നടത്തുന്നു. അങ്ങനെ പുനരന്വേഷണം നടത്തുന്ന കേസ്സുകളില്‍ കേസ് അന്വേഷിച്ച്കഴിയുമ്പോള്‍ ആരൊക്കെ ജീവിച്ച്രിക്കുമെന്നറിയില്ല. അപ്പോഴാണ് പല ദശകങ്ങള്‍ കഴിഞ്ഞൊരു കേസ്സില്‍ ഒരു മുന്‍മന്ത്രിയെ കഠിനതടവിന് ശിക്ഷിച്ചിരിക്കുന വാര്‍ത്ത കേട്ടത്. രാഷ്ട്രീയക്കാര്‍ പൊതുവേ ശിക്ഷിക്കപ്പെടാറില്ല എന്നത് ശരിയാണ്. പക്ഷെ, ഒരു മുന്‍മന്ത്രിയെ പല വര്‍ഷങ്ങള്‍ക്ക് ശേഷം ശിക്ഷിച്ചിരിക്കുന്ന കേസ് എന്താണെന്ന്പോലും അറിയാന്‍ പാടില്ലാത്ത ഒരു വന്‍ വിഭാഗം മനുഷ്യരുണ്ട് നമ്മുടെ നാട്ടില്‍! തീര്‍ന്നില്ല , അടിയന്തിരാവസ്ഥകാലത്ത് പോലിസ് കസ്റ്റഡിയില്‍(1975-’76) മരണപെട്ട രാജന്‍ എന്ന എന്ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ലോക്കപ്മരണം പുനരന്യേഷിക്കണം എന്നാവശ്യപ്പെട്ട് മുന്‍ നക്സലൈറ്റുകല്‍ ഉള്‍പ്പെടെ ചിലര്‍ ഇപ്പോള്‍ രംഗ ത്തിറങ്ങിയിരിക്കുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ചാകാത്ത കേസുകളുടെ കൂമ്പാരം ഇനിയും ഉണ്ടാകാം ധാരാളം!
മനുഷ്യരുടെ ഏത് പ്രവര്‍ത്തിക്കും സ്ഥലകാല പരിമിതികള്‍ ഉണ്ട്. ഈ തത്ത്വത്തിന് മനുഷ്യനോളം പ്രായവും ഉണ്ട്. ഒരാള്‍ ജീവിച്ചിരിക്കുന്നൂ എന്ന ഒരു ഒറ്റ കാരണം കൊണ്ട് അയ്യാള്‍ ചെയ്തുവേന്നാരോപിക്കപ്പെടുന്നൊരു പ്രവര്‍ത്തിയുടെ ഫലം മരണത്തോളം നീളുന്നത് ശരിയല്ല. അതിനു ധാര്‍മീകമായ അടിത്തറയും ഇല്ല. ജീവപര്യന്തൃം തടവ് ശിക്ഷ എന്നതിന്‍റെ അര്‍ത്ഥം ജീവിതഅവസാനം വരെയാണെന്ന് ജഡ്ജിമാര്‍ വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും അത് ആ വാക്കിന്‍റെ നിഘണ്ടുവില്‍ കാണുന്ന അര്‍ത്ഥം മാത്രമാണെന്നും അതിനാല്‍ അതുപോലെ കണക്കാക്കിയാല്‍ മതിയെന്നും പറയുന്നവര്‍ ഉണ്ട്. ഒരുതരം ശിക്ഷക്ക് അതിന്‍റെ അര്‍ത്ഥവും ലക്ഷ്യവും തത്ത്വശാസ്ത്രവും ചരിത്രവും ഉണ്ടെന്ന് അവര്‍ ഓര്‍ത്താല്‍ കൊള്ളാം. അങ്ങനെ വരുമ്പോള്‍ , ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വരെ ജീവപര്യന്തം ശിക്ഷ വിധിക്കുന്ന രാജ്യങ്ങളില്‍ ആ ശിക്ഷ ഒരു മനുഷ്യന്‍റെ കുറ്റകരമായ പ്രവര്‍ത്തിയുടെ അന്യേഷണ/ വിചാരണ/ ശിക്ഷാ കാലാവതിയുടെ ദൈര്‍ഘൃവുമായി ബന്ധിപ്പിക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായം ഇന്നുണ്ട്. എല്ലാം കൂടി പതിനാല് വര്‍ഷമായി നിജപ്പെടുത്തുക അഭിലക്ഷനീയം തന്നെ. അതല്ലാതെ, പണ്ടെങ്ങാനൊ അംഗീകരിച്ചിരുന്ന കാലപ്പഴക്കമുള്ള നിയമ-നീതി തത്ത്വങ്ങളെ മുറുകെപ്പിടിച്ച് മരണം വരെ ഒരാളെ വേട്ടചാടുന്നത് അനീതിയാണെന്ന് കരുതുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉള്‍പ്പെടുന്നു. ക്രിമിനല്‍ കുറ്റങ്ങളുടെ അന്യേഷണ-വിചാരണ കാലവതി നിശ്ചയിച്ച് നിയമ നിര്‍മാണം നടത്തുക.താല്‍പ്പരകക്ഷികള്‍ ഉണ്ടെങ്കില്‍ ആരെയും എപ്പോള്‍ വേണമെങ്കിലും കഷ്ടപ്പെടുത്താം എന്ന ചിന്താഗതി വളര്‍ത്തുന്നത് നല്ലതല്ല.. ഇപ്പോള്‍ നാം കേരളത്തില്‍ കാണുന്നതും മറിച്ചല്ല എന്ന് കരുതുവാനേ കഴിയുന്നുള്ളു. കാലങ്ങളുടെ നീക്കത്തില്‍ മനുഷ്യരിലുണ്ടാവുന്ന മാറ്റങ്ങള്‍ വളരെയാണ്. പലരെയും കാണുന്നുപോലും ഇല്ല.
ഇവിടെ വ്യക്തികള്‍ക്കല്ല പ്രാധാന്യം.ഒരു തത്ത്വത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഒരാള്‍ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റകരമായ പ്രവര്‍ത്തിക്ക് കാലവതി വച്ച്, ആ കുറ്റകൃത്യം ചെയ്തവനെ കാലാവതിക്കുള്ളില്‍ വച്ച് ശിക്ഷിക്കുക. അതെല്ലായെങ്കില്‍ ആ കുറ്റം ചെയ്തവനെ താത്ത്വികമായി ശിക്ഷിക്കുക. അയ്യാള്‍ക്ക് ശാരീരികവും മാനസ്സീകവുമായ പീഡനങ്ങള്‍ പല പതിറ്റാണ്ടുകള്‍ കഴിഞ്ഞ് കൊടുക്കുന്ന കാടന്‍ ശിക്ഷാരീതികള്‍ക്ക് അറുതി വരുത്തേണ്ടതാണ്. ഒരു കേസ് ഉണ്ടായാല്‍ അതിന്‍റെ വിധി വരുന്നതുവരെ ഒരാള്‍ അനുഭവിക്കുന്ന വേദനയും പീഡനങ്ങളും മതിയായ ശിക്ഷയായി കണക്കാക്കി അവരെ ജെയിലിലേക്ക് അയക്കാതിരിക്കുക. 14 വര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞ കേസുകള്‍ അവസാനിപ്പിക്കുക. അങ്ങനെ കാലാവതി നിശ്ചയിച്ച് കേസുകള്‍ അവസ്സാനിപ്പിക്കുന്ന നിയമങ്ങള്‍ ഇപ്പോള്‍തന്നെ നിലവില്‍ ഉണ്ട്. അവയുടെ വ്യാപ്തി കൂട്ടുക. അതല്ലാതെ 15ഉം 16ഉം 20ഉം 40ഉം വര്‍ഷം പഴക്കമുള്ള കേസുകളിലെ വയസ്സന്മാരായ പ്രതികള്‍ക്ക് എന്തിനീ ജെയില്‍ ശിക്ഷ? അവരുടെ ശവദാഹം നടത്താനായി അങ്ങനെ അവരെ അവിടേക്ക് വിടുന്നതില്‍ അര്‍ത്ഥമില്ല. വയോവ്രദ്ധര്‍ക്ക് പ്രത്യേക നയം ഉണ്ടാക്കുമ്പോള്‍ ഇക്കാര്യം കൂടെ പരിഗണിക്കുക.ഇതാണ് എന്‍റെ നിര്‍ദേശം .
Saturday, March 5, 2011
From the Criminologist's Corner-42
From the Criminologist’s Corner-42
Account Criminal Justice
മനുഷ്യരെ ബുദ്ധിമുട്ടിപ്പിക്കുന്നതില്‍ ഒരു ന്യായം വേണം.
ഇന്ന് ഏകദേശം രണ്ട് അടിയോളം ഐസ് ഉണ്ട്. ഇന്നലെ രാത്രി തുടങ്ങിയ മഞ്ഞുമഴ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ശമിച്ചു.കാറുകളുടെ ഏതാണ്ട് പകുതിയോളം ഐസില്‍ പൊതിഞ്ഞിരിക്കുന്നു.അന്തരീക്ഷ താപം -17ഡിഗ്രി സെല്‍ഷസ്. ശക്തമായ മഞ്ഞ് പെയ്യുമെന്ന് നേരത്തെ മുന്നരിയിപ്പുണ്ടായിരുന്നു. ആവശ്യമെങ്കില്‍ റോഡുകള്‍ അടച്ചിടുമെന്നും വാഹനഗതാഗതം നിറുത്തിവക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നും പറഞ്ഞിരുന്നു. രാവിലെ എട്ടുമണിയോടെ ഒരു മൊബൈല്‍ ഫോണ്‍ അലെര്‍ട്ട് വന്നു. റോഡുകള്‍ അടച്ചുവേന്നായിരുന്നു ആ അലെര്‍ട്ട്. ടെലിവിഷന്‍ മാധ്യമങ്ങളിലൂടെയും റോഡ് ബ്ലോക്ക് ആണെന്ന വാര്‍ത്ത പ്രക്ഷേപണം ചെയ്തു. നമ്മുടെ നാട്ടിലെ കാലാവസ്ഥ പ്രവചന വകുപ്പ് കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കാന്‍ മുന്നറിയിപ്പ് നല്‍കുന്നത് പോലെ റോഡ് അടക്കുകയാണെങ്കില്‍ അതിനെകുറിച്ചുള്ള മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്കായി തരുന്നുവെന്നര്‍ത്ഥം.
നമ്മുടെ നാട്ടിലും റോഡുകള്‍ അടക്കാറുണ്ട്. അത് പ്രകൃതിയില്‍ നിന്നുള്ള പ്രശ്നങ്ങള്‍ കൊണ്ടല്ല. കാലാവസ്തയിലുള്ള തകരാറുകൊണ്ടുമല്ല. ഒരുകൂട്ടം താല്‍പ്പരകക്ഷികളുടെ സ്വാര്‍ത്ഥതാല്‍പ്പര്യം മാത്രം കാരണമാകുന്നു. രാഷ്ട്രീയജാഥകള്‍, സമ്മേളനങ്ങള്‍,മതപരമായ ചടങ്ങുകള്‍ നടക്കുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ച് വിടുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇപ്പോള്‍ കൊടുക്കാറുണ്ട്. നല്ലകാര്യം തന്നെ. എന്നാല്‍ യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ റോഡ് ബ്ലോക്ക് ചെയ്യുന്ന രീതിയും നിലനില്‍ക്കുന്നു. നിരുല്‍സാഹപ്പെടുത്തേണ്ട അടിയന്തിരസ്വഭാവമുള്ള ഒരു സാമൂഹ്യദ്രോഹമാണത്. അത്യാസന്നനിലയില്‍ കിടക്കുന്ന രോഗികളെ എത്തിക്കാനുള്ളവര്‍ക്ക്, വിമാനം/തീവണ്ടികളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക്, ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടവര്‍ക്ക് ഇത്തരത്തില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍ ഉണ്ടാക്കുന്ന വിഷമങ്ങള്‍ വളരെയധികമാണ്. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വികസിത രാജ്യങ്ങളില്‍ എയര്‍ ആംബുലന്‍സ് ഉണ്ട്. എന്നാല്‍ നമുക്കതോന്നും ഇല്ലല്ലോ.
കേരളത്തിന് വെളിയിലൊരു സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിക്ക് പോകാനായി ഏതാണ്ട് ഒരു മണിക്കൂറോളം റോഡ് ബ്ലോക്ക് ചെയ്തതിനാല്‍ ഒരിക്കല്‍ വളരെയേറെ ബുദ്ധിമുട്ടേണ്ടിവന്ന ഒരാളാണ് ഞാന്‍. നമ്മുടെ നാട്ടിലും ചില വി.വി.ഐ.പി/വി.ഐ.പി.കള്‍ക്ക് പോകാനായി റോഡുകള്‍ അടച്ചിടുന്നു. ആ മാന്യഅദ്ദേഹം പോയികഴിഞാലെ രോഗികള്‍ ആശുപത്രിയില്‍ എത്തിയാല്‍ മതി; വിമാനത്തില്‍ യാത്ര ചെയ്താല്‍ മതി എന്നൊക്കെ പറഞ്ഞാല്‍? ഇതൊക്കെ ഒരു ജനാധിപത്യ രാജ്യത്ത് നടക്കുന്നതാണ് ഏറെ കഷ്ടം! ആരൊക്കെയാണ് വി.ഐ.പി.കള്‍ എന്നുപോലും പറയാന്‍ പറ്റുന്നില്ലെന്നോര്‍ക്കണം.
കേരളത്തില്‍ റോഡുകള്‍ ആവശ്യത്തിനില്ല. പ്രധാനറോഡ് അടച്ചിട്ട് വാഹനങ്ങള്‍ തിരിച്ച് വിട്ടാല്‍ അവ പോകേണ്ടത് ചില ഊടുവഴികളിലൂടെയാണ്.ഒരാള്‍ക്ക് നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാത്ത അത്തരം റോഡുകളിലൂടെ യാത്രചെയ്ത് ഉദ്യേശസ്ഥലത്ത് എത്തിച്ചേരാന്‍ പല മണിക്കൂറുകള്‍ വേണ്ടിവന്നേക്കും. ആ കഷ്ടപാടുകള്‍ സഹിക്കുന്നവരുടെ ശാപവാക്കുകള്‍ക്ക് കൈയും കണക്കും ഇല്ല. ഞാന്‍ പലപ്പോഴും അതൊക്കെ കാണുകയും കേള്‍ക്കുകയും ചെയതീട്ടുണ്ട്.പക്ഷെ, അതൊക്കെ വേറെ ആര് കേള്‍ക്കാന്‍? ആര്‍ക്ക് കാണണം? രാഷ്ട്രീയക്കാര്‍,വി.ഐ.പി.കള്‍, സമരക്കാര്‍,മതനേതാക്കള്‍,റോഡ് ഉപരോധിക്കുന്നവര്‍- ഇവരെല്ലാം കൂടി മനുഷ്യര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ പരാതി പെടാന്‍ പോലും കഴിയാത്ത ഒരുകൂട്ടം പച്ചമനുഷ്യര്‍ കഴിയുന്ന ദൈവത്തിന്‍റെ സ്വന്തം നാട്!
റോഡ് അടച്ചിടും എന്ന കാര്യം മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുവാനുള്ള സന്മനസ്സ് അധികാരികള്‍ കാണിച്ചിരുന്നെങ്കില്‍!- അതോടൊപ്പം തോന്ന്യാസം കണക്കെ തോന്നിയപോലെ റോഡ് ഉപരോധിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമായി എടുത്തിരുന്നെങ്കില്‍! -എല്ലാം വോട്ട്-ബാങ്ക് അല്ലെന്ന് കരുതിയിരുന്നെന്കില്‍!-ഈ വി.ഐ.പി.കള്‍ മനുഷ്യരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍! വെറുതെ മോഹിക്കുന്നു എന്ന് മാത്രം!
Friday, March 4, 2011
From the Criminologist's Corner-41
From the Criminologist’s Corner-41
Account Criminal Justice
ടോയിലെട്റ്റില്‍ തുടക്കുന്നവര്‍
ടോയിലെറ്റ് പേപ്പറിന് നല്ല ചെലവാണിവിടെ. ഒരുപക്ഷെ ഏറ്റവും അധികം വിറ്റഴിയപ്പെടുന്നതും അതുതന്നെയാണ്. വെള്ളത്തില്‍ അലിഞ്ഞ്‌പോകുന്ന ആ പേപ്പറിന് സാമാന്യം നല്ല വിലയുമുണ്ട്. പക്ഷെ, അവശൃവസ്തുവായതിനാല്‍ വിലയൊന്നും അത്ര പ്രശ്നമല്ല. കാരണം, ഇവിടെത്തെ ടോയിലെറ്റുകളില്‍ വെള്ളത്തിന്‍റെ ഉപയോഗം അധികം ഇല്ല. എല്ലാവരും ടോയിലെറ്റ് പേപ്പര്‍ ഉപയോഗിക്കുന്നവര്‍ ആണ്. ഉപയോഗിച്ചശേഷം അവര്‍ കൈകള്‍ കഴുകുന്നു. അതും ഒരു സംസ്കാരം. അതിനെക്കുറിച്ചല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. എന്തായാലും എനിക്ക് നമ്മുടെ നാട്ടിലെ രീതി തന്നെയാണ് ഇഷ്ടം. അങ്ങനെ ചെയ്താലേ എനിക്കൊരു തൃപ്തി ഉണ്ടാവൂ. അതും മറ്റൊരു സംസ്കാരം അതും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ഗുണമേന്മയെ കുറിച്ചല്ല പ്രതിപാതിക്കുന്നത്.
അമേരിക്കയിലെ ടോയിലെറ്റ്‌കള്‍ പൊതുവേ വൃത്തിയുള്ളവ ആണ്. ടോയിലെറ്റില്‍ ദുര്‍ഗന്ധം ഇല്ലെന്ന് മാത്രമല്ല, അവിടെ വച്ചിരിക്കുന്ന സുഗന്ധലായിനിയില്‍ നിന്നും ചിലപ്പോള്‍ നല്ല മണവും കിട്ടും. അപ്പോള്‍ നമ്മുടെ നാട്ടിലെ ടോയിലെറ്റുകളെ പറ്റിയൊന്ന് ചിന്തിച്ചുപോയി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഉള്ള ഒരു ടോയിലെറ്റില്‍ ഒരിക്കല്‍ ഞാനൊരു പെരുംചാഴിയെ കണ്ടു. വെള്ളമുണ്ട് എങ്കിലും വൃത്തിയില്ലാത്ത –വൃതിയാക്കാത്ത കക്കൂസുകള്‍! ഒരിക്കല്‍, തമിഴ്നാട്ടില്‍ ഒരു ബസ് സ്റ്റാന്‍ഡിലെ ടോയിലെറ്റിലേക്ക് 6-7 സ്ത്രീകള്‍ ഒന്നിച്ച് കയറുന്നതും കാര്യം സാധിച്ച് പുറത്തേക്കു വരുന്നതും ഞാന്‍ കാണുകയുണ്ടായി. വേളാങ്കണ്ണിക്ക് പോകുന്ന വഴിക്ക് തഞ്ചാവൂരില്‍ വച്ച് ഒരു ചായ കുടിക്കാനായി റോഡിലൂടെ നടന്ന്പോയപ്പോള്‍ മലത്തില്‍ ചവിട്ടേണ്ടതായി വന്നു. ചെന്നയിലും ആ അനുഭവം എനിക്കുണ്ടായി. അത്തരത്തില്‍ ഉള്ള ദുരനുഭവം കേരളത്തില്‍ ഉണ്ടാവില്ലെങ്കിലും നമുക്കൊരു ടോയിലെറ്റ് സംസ്കാരം നാളിതുവരെ ഉണ്ടായീട്ടില്ലെന്നു പറയേണ്ടിവരുന്നൂ.
ബസ് സ്റ്റാന്‍ഡുകളില്‍ പണം കൊടുത്ത് ഉപയോഗിക്കുന്ന ടോയിലെട്റ്റുകള്‍ ധാരാളം ഉണ്ട്. പണം കൈപറ്റിയിട്ടും ടോയിലെട്റ്റുകള്‍ വൃത്തിഹീനമായി കിടക്കുന്നു. കഷ്ടം! ടോയിലെട്റ്റുകളിലേക്ക് പോകുന്ന വഴിക്കുപോലും വൃത്തിയില്ല. പണം വാങ്ങാത്ത ടോയിലെട്റ്റുകളുടെ ദുര്‍ഗതി! അതിനെക്കുറി ച്ചധികം പറയാതിരിക്കുന്നതാണ് നല്ലത്. പല ബസ് സ്റാന്‍ഡുകളിലും മൂത്രനാറ്റം അനുഭവപ്പെടുന്നൂ. ബസിന്‍റെ പുറകിലും ഇരുട്ടിന്‍റെ മറവിലും മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരേയും നമുക്ക് കാണാനാവും. ചിലയിടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം പാടില്ലെന്ന് എഴുതിയ ബോര്‍ഡുകള്‍ കാണാം. പക്ഷെ, അത്തരം ബോര്‍ഡുകള്‍ക്ക് താഴെയാണ് ഏറ്റവും കൂടുതല്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നത്. വെള്ളം ഉണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ പലരും തയ്യാറല്ല;പലര്‍ക്കും അത് അറിയുകയും ഇല്ല.. എന്തിനധികം? ടോയിലെട്റ്റില്‍ പോയശേഷം കൈകള്‍ വൃത്തിയാക്കാന്‍ ആളുകള്‍ മുതിരാറുമില്ല. അതുകൊണ്ടായിരിക്കാം സര്‍ക്കാര്‍ തന്നെ ടെലിവിഷനില്‍ കൈകള്‍ വൃത്തിയാക്കുക എന്നാ സന്ദേശം നല്‍കി പരസ്യങ്ങള്‍ കൊടുക്കുന്നത്.
തീവണ്ടികളിലെ ടോടിലെട്റ്റുകള്‍ ബസ് സ്റ്റാന്‍ഡിലേതിനേക്കാള്‍ ഭേദമാണോ? ആണെന്നും അല്ലെന്നും രണ്ടഭിപ്രായം. എന്തായാലും,നമ്മുടെ സ്കൂളുകളിലെ,ആശുപത്രികളിലെ, പൊതുസ്ഥലങ്ങളിലെ ടോയിലെട്റ്റുകള്‍ വൃത്തിഹീനമായി കിടക്കുന്നു;ഉപയോഗിക്കപ്പെടുന്നു. എന്തിനധികം? പൊതുജനങ്ങള്‍ക്ക് ആവശ്യമായ പോതുടോയിലെട്റ്റുകള്‍ പണിതുകൊടുക്കുവാനുള്ള ബാധ്യത നികുതി പിരിച്ചെടുക്കുന്ന കോര്‍പ്പറേഷനുകാള്‍ക്കോ മുന്സില്‍പ്പാലിറ്റികള്‍ക്കോ ഉണ്ടെന്ന് തോന്നുന്നില്ല. ഒരു നഗരത്തില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ അനുഭവിക്കുന്ന യാതനകള്‍ -പീഡനങ്ങള്‍ ഈയിടെ ടെലിവിഷനില്‍ കണ്ടിരുന്നു. കഷ്ടം! പക്ഷെ,’പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല’ എന്ന അനങ്ങാപ്പാറ നയം കൈകൊള്ളുന്ന നമ്മുടെ താദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് മാലിന്യങ്ങളും മലവും നിക്ഷേപിക്കുവാനുള്ള സ്ഥലം ഇല്ലെന്നിരിക്കെ ടോയിലെട്റ്റുകള്‍ പണിയുമെന്ന് ചിന്തിക്കുക പ്രയാസം എല്ലാം വ്യാമോഹങ്ങള്‍- വെറുതെയുള്ള വ്യാമോഹങ്ങള്‍!.
No comments:
Post a Comment